Wed. Jan 22nd, 2025
ന്യൂഡൽഹി:

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയുമായി ഫോണ്‍ സംഭാഷണം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് നല്‍കുന്ന സഹകരണത്തിന് നന്ദി പറഞ്ഞ മോദി സുമിയിലെ രക്ഷാദൗത്യത്തിന് പിന്തുണ വേണമെന്നും സെലന്‍സ്കിയോട് അഭ്യര്‍ത്ഥിച്ചു. യുക്രൈനും റഷ്യയുമായുള്ള സമാധാന ചര്‍ച്ചയെയും മോദി അഭിനന്ദിച്ചു. 35 മിനിറ്റാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്.

കഴിഞ്ഞയാഴ്ചയും മോദി സെലെന്‍സ്കിയെ ഫോണില്‍ വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും വിഷയത്തിൽ രാഷ്ട്രീയ പിന്തുണ വേണമെന്നും യുക്രൈൻ പ്രസിഡന്‍റ് അന്ന് ആവശ്യപ്പെട്ടിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ ഇന്ത്യ ഭാഗമാകുമെന്നാണ് മോദി സെലൻസ്‌കിയെ അറിയിച്ചത്.

യുക്രൈനിൽ വലിയ തോതിൽ അക്രമകാരികൾ പ്രവേശിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, റഷ്യൻ പ്രസിഡന്‍റുമായും മോദി ചര്‍ച്ച നടത്തും. യുദ്ധമേഖലയിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ പിന്തുണ തേടിയാണ് ചർച്ച.

നേരത്തെ പുടിനുമായി മോദി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യ തയ്യാറായത്. ഒരാഴ്ചക്കിടെ രണ്ടുതവണയാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്. യുക്രൈൻ രക്ഷാ ദൗത്യം വിജയകരമായിരുന്നുവെന്നും മറ്റുരാജ്യങ്ങൾക്ക് സാധിക്കാത്തത് നാം നടത്തിയെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.