Sun. Dec 22nd, 2024
ആലപ്പുഴ:

ജില്ലയിൽ പുതിയതായി അനുവദിച്ച ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്ഘാടനവും വീയപുരം പൊലീസ് സ്‌റ്റേഷൻ കെട്ടിടത്തിന്റെ കല്ലിടലും ഞായർ പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഫോറൻസിക് ലബോറട്ടറി തുറക്കുന്നതോടെ ശാസ്‍ത്രീയ സംവിധാനങ്ങളിലൂടെ കേസ് അന്വേഷണം കുറ്റമറ്റതും വേ​ഗത്തിലുമാകും. എറണാകുളം ഫോറൻസിക് ലാബാണ്‌ നിലവിൽ ജില്ലയിലെ കേസ്‌ അന്വേഷണത്തിന്‌ ഉപയോഗിക്കുന്നത്‌.

ഫിസിക്‌സ്‌, കെമിസ്ട്രി, ബയോളജി, സൈബർ ലാബുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഫോറൻസിക് സയൻസ് ലബോറട്ടറി. ലാബ് ഉപകരണങ്ങൾക്ക്‌ ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ ഡിഎച്ച്ക്യു കെട്ടിടത്തിലാണ് പ്രവർത്തനം. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, എ എം ആരിഫ് എംപി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എഡിജിപി ലോ ആൻഡ് ഓർഡർ വിജയ് എസ് സാഖറെ, ഡിഐജി എറണാകുളം റേഞ്ച് നീരജ്കുമാർ ഗുപ്ത, ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ്, ഡിഎച്ച്ക്യു ഡെപ്യൂട്ടി കമാൻഡർ വി സുരേഷ് ബാബു, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് എന്നിവർ പങ്കെടുക്കും.