Thu. Dec 19th, 2024
ഗൂഡല്ലൂർ:

സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടയിൽ സ്കൂൾ കെട്ടിടത്തിൽ വിള്ളൽ വീണു കെട്ടിടം വിറച്ചതോടെ വിദ്യാർത്ഥികളും അധ്യാപകരും ക്ലാസ് മുറികളിൽ നിന്നും ഇറങ്ങി ഓടി. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണു കെട്ടിടത്തിലെ ചില ഭാഗങ്ങളിൽ വിള്ളൽ കണ്ടത്.

ശ്രീമധുര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30നാണു ആശങ്ക നിറച്ച് കെട്ടിടത്തിനു വിള്ളൽ വീണത്. 9ന് സ്കൂളില്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ടൈലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടതോടെ എല്ലാവരും പുറത്തേക്ക് ഓടി.

കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഓഫിസ് മുറിക്കു സമീപത്തായി തറയിൽ പാകിയ ടൈലുകള്‍ പൊളിഞ്ഞു പൊന്തിയ നിലയിലായിരുന്നു. കെട്ടിടം ഒരുഭാഗം തറയിലേക്ക് ഇരുന്നതു കാരണമാകാം ടൈലുകൾ പൊന്തിയതെന്നു സംശയിക്കുന്നു. ഈ കെട്ടിടത്തിന്റെ പിറകു വശത്ത് മതിൽ നിർമാണവും നടക്കുന്നുണ്ട്.

മതിൽ നിർമാണത്തിനായി പിറകിൽ നേരത്തെ മണ്ണ് നീക്കം ചെയ്തിരുന്നു. വിള്ളൽ കണ്ട കെട്ടിടം 2003ൽ നിർമിച്ചതാണ് ഇതിനോട് ചേർന്ന് 2007 മറ്റൊരു കെട്ടിടവും നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിൽ നിന്നും സ്കൂൾ ആവശ്യത്തിനുള്ള എല്ലാ സാമഗ്രികളും നീക്കം ചെയ്തു.

സ്കൂൾ കെട്ടിടം താൽക്കാലികമായി അടച്ചു പൂട്ടി. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന് പൊതുമരാമത്ത് വകുപ്പിന്റെ എജിനീയർ പരിശോധന നടത്തിയതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് എജ്യുക്കേഷനൽ ഓഫിസർ നസറുദ്ദീൻ പറഞ്ഞു.ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ മറ്റ് കെട്ടിടത്തിലേക്കു മാറ്റി.

ഗൂഡല്ലൂരിൽ നിന്നും ഫയർ സർവീസ് എത്തി സ്കൂൾ ഉപകരണങ്ങൾ നീക്കി. ശ്രീമധുര പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സുനിൽ, വൈസ് പ്രസിഡന്റ് റെജി മാത്യു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി.