Fri. Nov 22nd, 2024
കോഴിക്കോട്‌:

കൊവിഡിൽ ഇളവ്‌ വന്നിട്ടും ട്രെയിനിൽ സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും ഒരുക്കാത്തതിൽ യാത്രക്കാർ ദുരിതത്തിൽ. കോഴിക്കോട്‌ വഴി കടന്നുപോകുന്ന ട്രെയിനുകളിൽ ഏകദേശം 10 ശതമാനം വണ്ടികളിൽ മാത്രമാണ്‌ സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും നൽകുന്നത്‌. കൊവിഡ്‌ കാലത്തും ദിനംപ്രതി ഇരുപത്തിഅയ്യായിരത്തോളം യാത്രക്കാർ കോഴിക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ ട്രെയിൻ കയറാനെത്തുന്നുണ്ട്‌. ഇവരിൽ പലരും സ്ഥിരയാത്രക്കാരുമാണ്‌.

വണ്ടികൾ കുറഞ്ഞതും ടിക്കറ്റുകൾ ലഭ്യമല്ലാത്തതും  ഇത്തരം യാത്രക്കാരെ ട്രെയിനിൽനിന്നകറ്റുകയാണ്‌. രണ്ട്‌ ട്രെയിനുകൾ കോഴിക്കോട്ടേക്ക് നീട്ടുമെന്ന്‌ പറഞ്ഞിട്ട്‌ നാളുകളായെങ്കിലും വാഗ്‌ദാനം പാലിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ എ വൺ സ്‌റ്റേഷനുകളിലൊന്നായ കോഴിക്കോട്‌ സ്‌പർശിച്ച്‌ നിരവധി ട്രെയിനുകളാണ്‌ കടന്നുപോകുന്നത്‌.

എന്നാൽ യാത്രക്കാർക്ക്‌ ഇതിന്റെ ഗുണം ലഭിക്കുന്നില്ല. കൊവിഡ്‌ നിയന്ത്രണങ്ങളെ തുടർന്ന്‌ രണ്ട്‌ വർഷമായി പല ട്രെയിനുകളിലും സീസൺ ടിക്കറ്റുകാർക്ക്‌ കയറാൻ കഴിയാത്ത അവസ്ഥയാണ്‌.
ജനറൽ കമ്പാർട്ട്‌മെന്റിലും യാത്ര അനുവദനീയമല്ല. പരശുറാം, മാവേലി, മലബാർ, കോയമ്പത്തൂർ – കണ്ണൂർ എക്‌സ്‌പ്രസ്‌, മംഗലാപുരം- കോയമ്പത്തൂർ തുടങ്ങി നാമമാത്രമായ വണ്ടികൾക്ക്‌ മാത്രമാണ്‌ സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും നൽകുന്നത്‌. തിരുവനന്തപരും– നേത്രാവതി എക്‌സ്‌പ്രസ്‌, മംഗള  എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്‌,  നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസ്‌, ദാദർ – തിരുനൽവേലി എക്‌സ്‌പ്രസ്‌, പുണെ -എണാകുളം തുടങ്ങിയ ട്രെയിനുകളിലൊന്നും സീസൺ ടിക്കറ്റ്‌ അനുവദനീയമല്ല. ഇത്തരം ട്രെയിനുകൾ പലപ്പോഴും കുറഞ്ഞ ആളുകളുമായാണ്‌ സർവീസ്‌ നടത്തുന്നത്‌.