Thu. Dec 19th, 2024

ഐപിഎൽ 15ആം സീസണു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്. നായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമെന്നാണ് സൂചന. ചെന്നൈ ആവട്ടെ, എംഎസ് ധോണിയെയും നിലനിർത്തും.

പഞ്ചാബ് കിംഗ്സ് വിടുമെന്ന് സൂചനയുള്ള കെഎൽ രാഹുൽ ലക്നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്. ടീം കോർ നിലനിർത്താനാണ് മുംബൈ ഇന്ത്യൻസിൻ്റെ ശ്രമം. രോഹിതിനും ബുംറയ്ക്കുമൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനെയും മുംബൈ നിലനിർത്തിയേക്കും.

വിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡിനെ നിലനിർത്താനും മുംബൈ ആലോചിക്കുന്നുണ്ട്. സൂര്യകുമാർ യാദവിനെ ലേലത്തിൽ തിരിച്ചുപിടിക്കാനാണ് അവരുടെ ശ്രമം. ചെന്നൈ സൂപ്പർ കിംഗ്സിൽ ക്യാപ്റ്റൻ എംഎസ് ധോണി ടീമിൽ തുടരും.

ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെയും ചെന്നൈ മാനേജ്മെൻ്റ് ടീമിൽ നിലനിർത്തിയേക്കും. മൊയീൻ അലി, സാം കറൻ എന്നിവരിൽ ഒരു വിദേശതാരവും ടീമിൽ തുടരും.
ഡൽഹി ക്യാപിറ്റൽസിൽ പൃഥ്വി ഷാ, ഋഷഭ് പന്ത്, അക്സർ പട്ടേൽ, ആൻറിച് നോർക്കിയ എന്നിവരെയാവും നിലനിർത്തുക.

ശിഖർ ധവാൻ, ആർ അശ്വിൻ, ശ്രേയാസ് അയ്യർ, കഗീസോ റബാഡ എന്നിവരെയടക്കം നിലനിർത്തില്ല. ശ്രേയാസ് അഹ്മദാബാദ് ഫ്രാഞ്ചൈയുടെ ക്യാപ്റ്റനാവുമെന്നും സൂചനയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വെങ്കടേഷ് അയ്യരെയും ശുഭ്മൻ ഗില്ലിനെയും നിലനിർത്തിയേക്കും. വരുൺ ചക്രവർത്തിയുമായും ചർച്ചകൾ നടക്കുന്നു.

ആന്ദ്രേ റസൽ, സുനിൽ നരേൻ എന്നിവരും ടീമിൽ നിലനിർത്താൻ പരിഗണിക്കുന്നവരിൽ പെടുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായി ബന്ധപ്പെട്ട് ഇതുവരെ വാർത്തകൾ പുറത്തുവന്നിട്ടില്ല. എന്നാൽ, കോലി, ചഹാൽ, ഹർഷൽ പട്ടേൽ എന്നിവർ ടീമിൽ തുടരുമെന്നാണ് സൂചനകൾ. സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകൾ ആരെയൊക്കെ നിലനിർത്തും എന്നതിലും വ്യക്തതയില്ല.

പഞ്ചാബ് കിംഗ്സ് നായകൻ ലോകേഷ് രാഹുൽ ടീം വിട്ട് ലക്നൗ ഫ്രാഞ്ചൈസി ക്യാപ്റ്റനാവും. ഈ മാസം 30നാണ് നിലനിർത്തുന്ന ടീമുകളുടെ പട്ടിക സമർപ്പിക്കേണ്ടത്. അടുത്ത മാസം മെഗാ ലേലം നടക്കുമെന്നാണ് സൂചന.