Reading Time: < 1 minute
ബംഗളൂരു:

രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ച കർണാടകയിലെ 66 മെഡിക്കൽ വിദ്യാർത്ഥികൾക്ക്​ കൊവിഡ്​. കർണാടകയിലെ ധാർവാഡ്​ ജില്ല അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. എസ്​ ഡി എം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​.

കോളജി​ൽ നടന്ന ഒരു പരിപാടിക്ക്​ ശേഷം കൊവിഡ്​ പരിശോധന നടത്തിയപ്പോഴാണ്​ കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്​. തുടർന്ന്​ കോളജിലെ രണ്ട്​ ഹോസ്റ്റലുകൾ മുൻകരുതലിന്‍റെ ഭാഗമായി അടച്ചതായി ജില്ലാ ആരോഗ്യ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കോളജിലെ ക്ലാസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്​.

രോഗബാധ സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്കെല്ലാം വാക്​സിന്‍റെ രണ്ട്​ ഡോസ്​ നൽകിയിരുന്നു. രോഗം ബാധിച്ച കുട്ടികളെ ക്വാറന്‍റീനിലാക്കി. മറ്റ്​ കുട്ടികളെ കൊവിഡ്​ പരിശോധന ഫലം വരുന്നത്​ വരെ പുറത്ത്​ പോകാൻ അനുവദിക്കില്ലെന്നും കോളജ്​ അധികൃതർ അറിയിച്ചു.

രോഗം ബാധിച്ച ചിലർക്ക്​ പനിയും ചുമയുമുണ്ട്​. മറ്റുള്ളവർക്ക്​ രോഗലക്ഷണങ്ങളില്ലെന്നും കോളജ്​ അധികൃതർ വ്യക്​തമാക്കി.

Advertisement