ന്യൂഡൽഹി:
കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകം കൊണ്ട് ആർക്കെങ്കിലും വികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ മറ്റെന്തെങ്കിലും വായിക്കൂ എന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് യശ്വന്ത് വർമ പറഞ്ഞു. ഹിന്ദുത്വയെ ഐഎസിനോടും ബോകോ ഹറമിനോടും ഉപമിക്കുന്ന പുസ്തകത്തിനെതിരെ നേരത്തെ സംഘ്പരിവാർ രംഗത്തെത്തിയിരുന്നു.
‘നിങ്ങളെന്തു കൊണ്ടാണ് ആളുകളോട് അത് വാങ്ങാതിരിക്കാനും വായിക്കാരിതിരിക്കാനും ആവശ്യപ്പെടാത്തത്. മോശമായി എഴുതിയ പുസ്തകമാണത് എന്ന് എല്ലാവരോടും പറയൂ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കിൽ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങൾക്ക് വായിക്കാം’ – കോടതി ഹർജിക്കാരനോട് പറഞ്ഞു. ‘സൺറൈസ് ഓവർ അയോധ്യ, നാഷൺഹുഡ് ഇൻ അവർ ടൈംസ്’ എന്ന് പേരിട്ട പുസ്തകം ഈയിടെയാണ് പ്രകാശിതമായത്.
അഭിഭാഷകനായ രാജ് കിഷോർ ചൗധരിയാണ് പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദ സഫ്‌റോൺ സ്‌കൈ എന്ന അധ്യായത്തിലെ ചില ഭാഗങ്ങളും കോടതിയിൽ സമർപ്പിച്ചിരുന്നു.
‘സന്യാസികളുടെയും ഋഷിമാരുടെയും സനാതന ധർമ്മവും ക്ലാസിക്കൽ ഹിന്ദുയിസവും ഹിന്ദുത്വം അരികിലേക്കു തള്ളി മാറ്റി. ജിഹാദിസ്റ്റ് ഇസ്‌ലാം സംഘങ്ങളായ ഐഎസ്‌ഐഎസ്, ബോകോ ഹറം എന്നിവ പോലെയുള്ള രാഷ്ട്രീയപ്പതിപ്പാണ് ഹിന്ദുത്വം.’ – എന്നാണ് അധ്യായത്തിൽ പറയുന്നത്. ഇത് ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന ഭാഗമാണ് എന്നായിരുന്നു അഭിഭാഷകന്റെ വാദം.