Thu. Apr 25th, 2024
ഡൽഹി:

ഇന്ത്യയിൽ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളെന്ന് സർവേ റിപ്പോർട്ട്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്.

എൻഎഫ്എച്ച്എസ് സാമ്പിൾ സർവേയാണ്. ഈ കണക്ക് വലിയ ജനസംഖ്യയ്ക്ക് ബാധകമാണോ എന്ന് ദേശീയ സെൻസസിന് ശേഷമേ ഉറപ്പിക്കാനാവൂ. നവംബർ 24ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സാമ്പിള്‍ സര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.
എൻഎഫ്എച്ച്എസ് നടത്തിയ സർവേയിൽ ഇത് ആദ്യമായാണ് അനുപാത കണക്കിൽ സ്ത്രീകളുടെ എണ്ണം കൂടുന്നത്. 2005-2006ല്‍ നടത്തിയ സര്‍വേയില്‍ സ്ത്രീപുരുഷ അനുപാതം തുല്യമായിരുന്നു. 2015-16ല്‍ 1000 പുരുഷന്മാര്‍ക്ക് 991 സ്ത്രീകള്‍ എന്ന നിലയില്‍ അനുപാതം താഴ്ന്നു.

സ്ത്രീ ശാക്തീകരണത്തിനായുള്ള നടപടികള്‍ ഫലം കണ്ടു എന്നാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ പറഞ്ഞു. പെണ്‍ ശിശുഹത്യ ഉള്‍പ്പെടെ നിലനിന്ന സ്ഥലത്ത് ഇപ്പോഴത്തെ സ്ത്രീപുരുഷാനുപാതം നാഴികക്കല്ലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സെൻസസ് ഓഫ് ഇന്ത്യ വെബ്‌സൈറ്റിലെ വിവര പ്രകാരം 2010-14ൽ പുരുഷൻമാരുടെയും സ്ത്രീകളുടെയും ശരാശരി ആയുർദൈർഘ്യം യഥാക്രമം 66.4 വർഷവും 69.6 വർഷവുമാണ്. 2005-06 ൽ 15 വയസ്സിന് താഴെയുള്ളവര്‍ ജനസംഖ്യയുടെ 34.9 ശതമാനമായിരുന്നു. 2019-21ൽ 26.5 ശതമാനമായി കുറഞ്ഞു. എന്നാലും ഇന്ത്യ ഇപ്പോഴും ഒരു യുവാക്കളുടെ രാജ്യമാണ്.

സ്ത്രീകളുടെ ആരോഗ്യത്തോടുള്ള നമ്മുടെ സമീപനത്തിന് പ്രത്യുൽപ്പാദന ആരോഗ്യത്തിന് മാത്രം മുൻഗണന നൽകുന്നതിനേക്കാൾ കൂടുതൽ സമഗ്രമായ വീക്ഷണം ആവശ്യമാണെന്ന് സെന്റർ ഫോർ പോളിസി റിസർച്ച് പ്രസിഡന്റ് യാമിനി അയ്യർ പറഞ്ഞു.

2019-20ൽ കൂടുതൽ സ്ത്രീകൾ പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. എന്നാല്‍ തൊഴിൽ പങ്കാളിത്തത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ തൊഴിൽ വിപണിയിലെ ഘടനാപരമായ വെല്ലുവിളികളിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. ഇന്ത്യ പുരോഗതി കൈവരിക്കണമെങ്കിൽ ഇക്കാര്യത്തില്‍ അടിയന്തരമായി മാറ്റമുണ്ടാകണമെന്നും യാമിനി അയ്യര്‍ ചൂണ്ടിക്കാട്ടി.