Thu. Jan 23rd, 2025
അമേരിക്ക:

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളു​ടെ സമ്മർദ തന്ത്രങ്ങൾക്ക്​ വഴങ്ങേണ്ടതില്ലെന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക്​ രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില കുറക്കാൻ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാൻ തന്നെയാണ്​ ഇന്ത്യയുടെയുൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം.

യു എസിന്‍റെ പദ്ധതിയനുസരിച്ച്​ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെയും തീരുമാനം. എണ്ണ ഉൽപാദക രാജ്യങ്ങൾക്ക്​ ശക്​തമായ സന്ദേശം നൽകുകയെന്ന ലക്ഷ്യത്തോടെയാണിത്​.

വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എണ്ണ ഉൽപാദക രാജ്യങ്ങൾ വില ഉയർത്തുന്നുവെന്നാണ്​ അമേരിക്കയുടെയും മറ്റും ആരോപണം. എന്നാൽ ഉൽപാദനം ഉയർത്തേണ്ട യാതൊരു സാഹചര്യവും നിലവിൽ ഇല്ലെന്ന്​ യു എ ഇ എണ്ണമന്ത്രി സുഹൈൽ അൽ മസ്​റൂഇ പറഞു. അടുത്ത വർഷം ആദ്യപാദത്തിലേക്ക്​ ആവശ്യകതയിൽ കവിഞ്ഞ എണ്ണ ലഭ്യമാണെന്നും മന്ത്രി പ്രതികരിച്ചു. ഡിസംബർ രണ്ടിന്​ ചേരുന്ന ഒപെക്​ നേതൃയോഗം സ്​ഥിതിഗതികൾ വിലയിരുത്തും.

കരുതൽ എണ്ണ നിക്ഷേപം പുറത്തെടുക്കാനുള്ള ഇറക്കുമതി രാജ്യങ്ങളുടെ സമ്മർദ തന്ത്രം വിജയിക്കില്ലെന്ന വിലയിരുത്തലിൽ ആണ്​ ഒപെക്​ രാജ്യങ്ങൾ. എണ്ണവില കുറക്കാനുള്ള ബദൽ നീക്കങ്ങൾ ദീർഘകാലാടിസ്​ഥാനത്തിൽ ഇന്ത്യക്ക്​ ഗുണം ചെയ്യാനിടയില്ലെന്നാണ്​ സാമ്പത്തിക വിദഗ്​ധർ വ്യക്​തമാക്കുന്നത്​.

യു എസ്​, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങൾ ഒരുമിച്ച്​ നീങ്ങുന്ന സാഹചര്യം എണ്ണ വ്യവസായത്തിൽ എന്തു പ്രത്യാഘാതമാകും ഉണ്ടാക്കുകയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.