വാഷിങ്ടൺ:
ഇന്ത്യക്ക് റഷ്യ എസ്-400 ട്രയംഫ് ഭൂതല-വ്യോമ മിസൈൽ സംവിധാനം കൈമാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. എന്നാൽ, ഈ ഇടപാടിനോട് എന്തു നിലപാടെടുക്കണം എന്ന കാര്യത്തിൽ യു എസ് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും മുതിർന്ന യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നത് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് റഷ്യയുടെ ‘ഫെഡറൽ സർവിസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപറേഷൻ’ ഡയറക്ടർ ദിമിത്രി ഷുഗായേവ് കഴിഞ്ഞ ആഴ്ച വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രതികരണം വന്നിട്ടില്ല.
2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് അഞ്ച് യൂനിറ്റ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 500 കോടി യു എസ് ഡോളറിെൻറ കരാർ ഒപ്പിട്ടത്. ഇതിനെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധ ഭീഷണി ഉയർത്തിയിരുന്നു. ഈ ഇടപാടിൽ ബൈഡൻ ഭരണകൂടത്തിെൻറ നിലപാടെന്താകും എന്നത് വ്യക്തമല്ല. ദീർഘനാളായി ഇന്ത്യക്ക് റഷ്യയുമായി പ്രതിരോധ ഇടപാടുണ്ട്.