Fri. Nov 22nd, 2024
ആസ്‌ട്രേലിയ:

ആസ്‌ട്രേലിയയിൽ കൊവിഡ് വാക്‌സിനേഷന്റെ പാർശ്വഫലങ്ങൾ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ആയിരങ്ങൾ. വാക്‌സിൻ കുത്തിവയ്പ്പിനെ തുടർന്ന് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനായിരത്തിലേറെപേർ നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയതെന്ന് ആസ്‌ട്രേലിയൻ മാധ്യമമായ ‘സിഡ്‌നി മോണിങ് ഹെറാൾഡ്’റിപ്പോർട്ട് ചെയ്യുന്നു. പരാതി യാഥാർത്ഥ്യമാണെന്ന് സ്ഥിരീകരിച്ചാൽ ഓസീസ് ഭരണകൂടത്തിന് 50 മില്യൻ ആസ്‌ട്രേലിയൻ ഡളർ(ഏകദേശം 270 കോടി രൂപ) നഷ്ടപരിഹാരമായി നൽകേണ്ടിവരും.

ഓസീസ് സർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഏകദേശം 3.68 കോടി പേർക്കാണ് കുത്തിവയ്പ്പ് നൽകിയത്. ഇതിൽ 79,000 പേർക്ക് കുത്തിവയ്‌പ്പെടുത്ത ശേഷം വിവിധ തരത്തിലുള്ള പാർശ്വഫലങ്ങളുണ്ടായതായി ആസ്‌ട്രേലിയയുടെ തെറപീറ്റിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.

കൈവേദന, തലവേദന, പനി, ജലദോഷം അടക്കമുള്ള രോഗങ്ങളാണ് കാര്യമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫൈസർ വാക്‌സിനെടുത്ത 300ഓളം പേർക്ക് നെഞ്ചെരിച്ചിൽ, ആസ്ട്രസെനെക്ക വാക്‌സിനെടുത്ത 160 പേർക്ക് രക്തം കട്ടപിടിക്കുന്നതടക്കമുള്ള അസുഖങ്ങൾ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാക്‌സിനേഷൻ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഒൻപതുപേരാണ് മരിച്ചത്. ഇതിൽ ഭൂരിഭാഗവും 65 വയസ് കഴിഞ്ഞവരാണ്.