Thu. Apr 25th, 2024
ബീജിങ്‌:

അമേരിക്കയെ പിന്തള്ളി ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായി ചൈന. 2000ത്തിൽ ഏഴുലക്ഷം കോടി ഡോളറായിരുന്ന ചൈനയുടെ സമ്പത്ത്‌ 20 വർഷംകൊണ്ട്‌ 1.20 കോടി കോടി ഡോളറായി; 1.13 കോടി കോടിയുടെ വർധന.

ഇക്കാലയളവിൽ അമേരിക്കയുടെ സമ്പത്തും ഏതാണ്ട്‌ ഇരട്ടിയായി 90 ലക്ഷം കോടി ഡോളറിലെത്തി. ആഗോള സമ്പത്തിന്റെ 60 ശതമാനവും കൈവശം വച്ചിരിക്കുന്ന 10 രാജ്യങ്ങളുടെ ബാലൻസ്‌ഷീറ്റ്‌ പരിശോധിച്ച്‌ മാനേജ്‌മെന്റ്‌ കൺസൾട്ടൻസി മക്‌കിൻസി ആൻഡ്‌ കോയുടെ ഗവേഷണവിഭാഗമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

2000ൽ 1.56 കോടി കോടി ഡോളറായിരുന്ന ആഗോള സമ്പത്ത്‌ 2020ൽ 5.14 കോടി കോടി ഡോളറായി ഉയർന്നതായും ബ്ലൂംബെർഗ്‌ ടിവി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മൂന്നിലൊന്ന്‌ വർധനയും ചൈനയുടേതാണ്‌.

അമേരിക്കയിലും ചൈനയിലും സമ്പത്തിന്റെ മൂന്നിൽ രണ്ടും ജനസംഖ്യയുടെ പത്തുശതമാനത്തിന്റെ കൈയിലാണെന്നും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. ആഗോള സമ്പത്തിന്റെ 68 ശതമാനവും റിയൽ എസ്റ്റേറ്റിലാണ്‌ നിക്ഷേപിച്ചിരിക്കുന്നത്‌.