കൊച്ചി:
എറണാകുളം സൗത്ത് സ്‌റ്റേഷനിലെ ഇലക്‌ട്രിക് ലോക്കോ ഷെഡ്ഡിലേക്ക് വൈദ്യുതി നിഷേധിച്ച് റെയിൽവേ. ചെന്നൈയിലെ ചീഫ് ഇലക്‌ട്രിക്കൽ ഡിസ്‌ട്രിബ്യൂഷൻ എൻജിനിയറാണ് തടസ്സവാദമുന്നയിക്കുന്നത്. പ്ലാറ്റ്‌ഫോമിലുള്ള ഫില്ലിങ് പോയിന്റിലേക്ക് ഡീസൽ എൻജിനുകൾക്കായി ഇന്ധനം എത്തിക്കുന്ന പൈപ്പിനു മുകളിൽക്കൂടിയാണ് വൈദ്യുതി ലൈൻ വലിക്കേണ്ടത്.
സുരക്ഷാകാരണം മൂലം പൈപ്പ് മാറ്റാതെ കണക്‌ഷൻ നൽകാനാകില്ലെന്നാണ് വിശദീകരണം. എന്നാൽ ഇലക്‌ട്രിക് ട്രെയിനുകൾക്ക് വൈദ്യുതിയെത്തിക്കുന്ന ലൈൻ പൈപ്പിനു മുകളിലൂടെയാണ് കടന്നുപോകുന്നത്. ഇത്തരം കണക്‌ഷൻതന്നെയാണ് ലോക്കോഷെഡ്ഡിനും വേണ്ടത്. വസ്‌തുത ഇതായിരിക്കെ സുരക്ഷാ കാരണങ്ങളുടെ പേരിൽ വൈദ്യുതി നൽകാത്തതിന് ന്യായീകരണമില്ലെന്ന് ജീവനക്കാർ വിശദീകരിക്കുന്നു.
എറണാകുളം ജങ്‌ഷൻ സ്‌റ്റേഷനിലെ ഡീസൽ ലോക്കോഷെഡ്ഡിനോട് ചേർന്നുതന്നെയാണ് ഇലക്‌ട്രിക് ലോക്കോഷെഡ്ഡും നിർമിച്ചത്. ഇലക്‌ട്രിക് എൻജിനുകളുടെ അറ്റകുറ്റപ്പണി ഇവിടെ നടത്താനാകും. 2018ൽ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സംസ്ഥാനത്തെ ആദ്യ ഇലക്‌ട്രിക് ലോക്കോഷെഡ് നിർമാണത്തിനായി 1.1 കോടി രൂപ അനുവദിച്ചത്.
നിർമാണത്തിന് കാലതാമസമുണ്ടായപ്പോൾ എംപിമാരായ എളമരം കരീം, എ എം ആരിഫ്, ജോൺ ബ്രിട്ടാസ് എന്നിവരും ജീവനക്കാരുടെ സംഘടനയായ ഡിആർഇയുവും ഇടപെട്ട് പരിഹരിച്ചു. നിർമാണം പൂർത്തിയായ ഷെഡ്ഡിൽ വൈദ്യുതി ലഭിച്ചാലുടൻ എൻജിനുകൾ കൊണ്ടുവരാമെന്നിരിക്കെയാണ് റെയിൽവേയുടെ ഇടങ്കോൽ.