Fri. Nov 22nd, 2024
കൽപ്പറ്റ:

ഏഷ്യയിലെ തന്നെ ആദിവാസി വിഭാഗങ്ങളുടെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമായ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുന്നു. അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന പ്രിയദർശിനിയെ കരകയറ്റാൻ ഡിടിപിസിയാണ് പുതുപദ്ധതിക്ക്‌ തയ്യാറെടുക്കുന്നത്‌.
3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എസ്‌റ്റേറ്റിന്റെ മുഴുവൻ പ്രകൃതിരമണീയതയും ഉപയോഗിച്ചുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാനായി പ്ലാന്റേഷൻ ടൂർ, തേയില ചായപ്പൊടിയാക്കുന്ന രീതി, പലതരത്തിലുള്ള ചായകൾ രുചിച്ചു നോക്കാനുള്ള ഫാക്ടറി ടൂർ, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രക്കിങ്, തേയിലത്തോട്ടങ്ങളിലൂടെയുള്ള സൈക്ലിങ് എന്നിവയെല്ലാമാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. താമസ സൗകര്യത്തിനായി വിപുലമായ സൗകര്യങ്ങളോടെ ടീ കൗണ്ടിയും സജ്ജീകരിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് ടെന്റിൽ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകും. പ്രകൃതിയുമായി ഇണങ്ങിയുള്ള വിനോദസഞ്ചാരമാണ് പദ്ധതിയുടെ ഉദ്ദേശ്യം.

കണ്ണൂർ വിമാനത്താവളത്തിന് ഏറ്റവും അടുത്ത വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുമെന്നാണ്‌ പ്രതീക്ഷ. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി പ്രിയദർശിനി എസ്‌റ്റേറ്റ് മാറ്റാനുള്ള നീക്കത്തിലാണ്‌ അധികൃതർ.