Fri. Apr 26th, 2024
ഇരിട്ടി:

ചരിത്ര പ്രാധാന്യം ഉള്ള ഇരിട്ടി പഴയ പാലത്തിന് ‘പൈതൃക’ പദവി നൽകി സംരക്ഷിക്കുമെന്ന മരാമത്ത് വകുപ്പ് വാഗ്ദാനം പ്രഖ്യാപനത്തിൽ ഒതുങ്ങി. 2 വർഷം മു‍ൻപാണു മരാമത്ത് മന്ത്രി അടക്കം പൈതൃക പട്ടികയിൽ പെടുത്തുമെന്നു ഉറപ്പു നൽകിയത്. പുതിയ പാലം പണി കഴിഞ്ഞതോടെ പൂർണമായും അവഗണനയിലാണ് പഴയ പാലം.

പഴയ പാലം ഇപ്പോഴും ഗതാഗതത്തിനു ഉപയോഗിക്കുന്നുണ്ട്. ഭാര – വേഗ നിയന്ത്രണങ്ങൾ പാലിക്കപ്പെടാത്തതിനാൽ കണ്ടെയ്നർ ലോറികളടക്കം കയറി ഇപ്പോഴും ഇരുമ്പ് മേൽക്കൂട് പൊളിയുന്നത് പതിവാണ്. പുതിയ പാലം ഉള്ളപ്പോഴും ട്രാഫിക് സിഗ്നൽ മറികടക്കാൻ പഴയ പാലത്തിലൂടെ വലിയ ടിപ്പറുകൾ അടക്കം കടന്നു പോകുന്നതും സ്ഥിരം കാഴ്ച.

1933 ൽ ബ്രിട്ടിഷുകാർ പണിത ഇരിട്ടി പാലം നിർമാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ശ്രദ്ധയാകർഷിച്ചതാണ്. മേൽക്കൂട് ഭാരം താങ്ങുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്. കാലപ്പഴക്കം തീർക്കുന്ന ബലക്ഷയവും പാലത്തിന് വീതിയില്ലാത്തതിനെ തുടർന്നുള്ള ഗതാഗത കുരുക്കും അപകട ഭീഷണിയും വിലയിരുത്തിയാണ് പുതിയ പാലം പണിതത്.

12 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങൾ കയറരുതെന്ന് നേരത്തെ പാലത്തിന്റെ ഇരുവശത്തും സ്ഥാപിച്ച ബോർഡുകൾ ഇപ്പോൾ കാണാനില്ല. പാലത്തിന്റ പെയിന്റിങ് നടത്തിയിട്ട് വർഷങ്ങളായി. വലിയ വാഹനങ്ങൾ തകർത്ത മേൽക്കൂടിന്റെ ഇളകി നിൽക്കുന്ന ഇരുമ്പുപാളികൾ നന്നാക്കിയിട്ടുമില്ല.