Sun. Dec 22nd, 2024

പൗരന്മാരുടെ ദേശീയ രജിസ്റ്ററു (എൻ.ആർ.സി) മായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംസ്ഥാനത്തെ ഹിന്ദു, ബുദ്ധ, സിഖ് അഭയാർത്ഥികൾ ഭയപ്പെടേണ്ടതില്ലെന്നും പൗരത്വ (ഭേദഗതി) ബിൽ കൊണ്ടുവന്നത് ഈ വിഭാഗത്തിലുള്ളവർക്ക് പൗരത്വം നൽകാനാണെന്നും ബി. ജെ. പി അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച (22 ജനുവരി) പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിൽ ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി. ജെ. പിയുടെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഷാ.

അതേസമയം 2009 ൽ കോൺഗ്രസ് ഭരണകാലത്ത് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യവും ബംഗാളിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യവും ഏകോപിച്ചു കൊണ്ടുള്ള വീഡിയോ തന്റെ ഔദ്യോഗിക പേജിൽ, ഫേസ്ബുക്കിൽ വൻ പ്രചാരണം നേടിയ ടെൻഇയേർസ് (#10yearchallenge) ചാലഞ്ചായി പോസ്റ്റ് ചെയ്താണ് ദിവ്യ സ്പന്ദന ബി. ജെ. പി യുടെ ഇരട്ടത്താപ്പിനെയും ന്യൂനപക്ഷ വിരുദ്ധതയെയും ട്രോളിയത്.

ബംഗ്ളാദേശികൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നും അവർക്ക് സമ്മതിദാന അവകാശവും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരവും നൽകണമെന്നും അന്ന് യു. പി. എ ക്യാബിനറ്റിൽ മന്ത്രിയായിരുന്ന രാം വിലാസ് പാസ്വാൻ പറഞ്ഞതായി നരേന്ദ്ര മോദി വീഡിയോയിൽ പറയുന്നു. ഇതിനർത്ഥം ബംഗ്ലാദേശിൽ നിന്നും വലിഞ്ഞു കേറിവന്നവർക്ക് മന്ത്രിയാവാനും, മുഖ്യമന്ത്രിയാവാനും എന്തിന് പ്രധാനമന്ത്രി വരെ ആവാനും സാധിക്കുമെന്നും മോദി പരിഹസിക്കുന്നു. നരേന്ദ്ര മോദിയുടെ ഈ പ്രസംഗത്തിനു ശേഷം അമിത് ഷാ ബംഗാളിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യമാണ് തുടർന്ന് വരുന്നത്.

ഇതിൽ മോദി 2009 ൽ നടത്തിയ പ്രസംഗത്തിനു വിരുദ്ധമായ കാര്യങ്ങളാണ് ഷാ പറയുന്നത്. ബംഗാളിലെ ജനത പുറത്താക്കപ്പെടുമെന്ന് തൃണമൂൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബംഗാളിൽ ജീവിക്കുന്ന ഹിന്ദു, ബുദ്ധ, സിഖ്‌ വിശ്വാസികളായ എല്ലാ അഭയാർത്ഥികളും ഒരുതരത്തിലും ഭയപ്പെടേണ്ടതില്ലെന്നും. എല്ലാ ഹിന്ദു-ബംഗ്ലാദേശിക്കും പൌരത്വം നൽകാൻ ഉദ്ദേശിച്ചുകൊണ്ടാണ് പൗരത്വ (ഭേദഗതി) ബിൽ കൊണ്ടുവന്നിട്ടുള്ളതെന്നും ആരും ഇതിൽ നിന്നും ഒഴിവാക്കപ്പെടില്ല എന്നും.

ഒരു വ്യക്തി അവൻ ബുദ്ധമതക്കാരനോ, സിഖ് മതക്കാരനോ അല്ലെങ്കിൽ ക്രിസ്ത്യാനിയോ ആവട്ടെ. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അടിച്ചമർത്തപ്പെട്ട് വന്നവരോ ആയിക്കൊള്ളട്ടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബി. ജെ. പി സർക്കാർ അവർക്ക് പൗരത്വം നൽകും എന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിലെ മാൾഡയിൽ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *