Fri. Apr 26th, 2024

#ദിനസരികള്‍ 649

ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റ ഇടിമുഴക്കം എന്ന് പ്രകീര്‍ത്തിച്ചുകൊണ്ടാണ് നക്സല്‍‌ബാരിയിലുണ്ടായ സായുധ കലാപത്തെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വാഗതം ചെയ്തത്. ഒരു തീപ്പൊരിക്ക് കാട്ടുതീയായി പടരാന്‍ കഴിയുമെന്നാണല്ലോ ചെയര്‍മാന്‍ മാവോ പറഞ്ഞത്. അതുകൊണ്ട് ഇന്ത്യയിലാകെ ആളിപ്പടരാനും മാറ്റിമറിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു പുതിയ മുന്നേറ്റത്തെയായിരുന്നു പീപ്പിള്‍സ് ഡെയിലി നക്സല്‍ബാരിയില്‍ പ്രവചിച്ചെടുത്തത്.

ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ഒരു ചെറിയ കര്‍ഷക ഗ്രാമത്തില്‍ നിന്നും രൂപപ്പെട്ട പോരാട്ടം ഇന്ത്യയിലാകെ ജനകീയ വിപ്ലവത്തിന്റെ ജ്വാലകള്‍ പരത്തുമെന്ന് അതിവിപ്ലവത്തിന്റെ സായുധവഴികളെ പ്രണയിച്ചിരുന്ന ചിലരെങ്കിലും പീപ്പിള്‍സ് ഡെയിലിക്കൊപ്പം സ്വപ്നം കണ്ടു. അവര്‍ തീരെ നിരാശപ്പെടേണ്ടി വന്നില്ലയെന്നത് വസ്തുതയാണ്. വിമോചനത്തിന്റേതായ പുതിയ വഴികള്‍ക്ക് തുടക്കം കുറിക്കാന്‍ നക്സല്‍ബാരി ആവേശമുണ്ടാക്കി. ആ ആവേശത്തില്‍ നിന്നുമാണ് കേരളത്തിലും നക്സല്‍ നീക്കങ്ങള്‍ രൂപം കൊള്ളുന്നത്. ആര്‍.കെ. ബിജുരാജ് നക്സല്‍‌ ദിനങ്ങള്‍ എന്ന പുസ്തകത്തിലൂടെ കേരളത്തിലെ നക്സല്‍ വിപ്ലവത്തിന്റെ ചരിത്രമാണ് പറയുന്നത്.

നക്സല്‍ബാരി നേതാക്കളിലുണ്ടാക്കിയ ആവേശത്തിന്റെ പൊതുസ്വഭാവം മനസ്സിലാക്കണമെങ്കില്‍ 1967 ജൂണ്‍ എട്ടിന് കനുസന്യാല്‍ കര്‍ഷകരായ വിപ്ലവകാരികള്‍ക്കുവേണ്ടി എഴുതിയ കുറിപ്പു വായിച്ചാല്‍ മതി. അതില്‍ അദ്ദേഹം പറയുന്നു, “(ഇന്ത്യയില്‍) ജനാധിപത്യ വിപ്ലവം ആരംഭിച്ചിരിക്കുന്നു എന്ന സത്യം കേന്ദ്രസര്‍ക്കാരും സാമ്രാജ്യത്വവും ഉദ്യോഗസ്ഥമേധാവിത്തവും മനസ്സിലാക്കിയിരിക്കുന്നു.അതുകൊണ്ട് അവര്‍ അതിനെ മുളയില്‍ത്തന്നെ പിഴുതെറിയാന്‍ ശ്രമിക്കും. ഇപ്പോള്‍ അവര്‍ നിശബ്ദരാണ്. കാരണം അവര്‍ ഇപ്പോള്‍ ജനകീയ അഭിപ്രായങ്ങള്‍ ഉണ്ടാക്കുകയാണ്. ഒരു തവണ നമ്മുടെ പ്രഹരം ലഭിച്ചാല്‍ അവര്‍ ഭയപ്പെടും. പകരം ആക്രമിക്കുന്നതിന് ശങ്കിച്ചു നില്ക്കും. ഇത് കര്‍ഷക ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. രാഷ്ട്രീയത്തിന് അഗ്രിമസ്ഥാനം നല്കുക. ധൈര്യത്തെ എല്ലാറ്റിനുമുപരി പകരം വെയ്ക്കുകയും ധൈര്യത്തോടെ ജനങ്ങളെ തട്ടിയുണര്‍ത്തുകയും ചെയ്യുക. വിജയം നമ്മുടേതുതന്നെയാണ്.”

മൂന്നമ്പുകളെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി മരിച്ചുവീണ സൊനാം വാങ്ഡി എന്ന പോലീസുദ്യോഗസ്ഥനെപ്പോലെ നിസ്സാരനായ ഒരെതിരാളിയാണ് ഇന്ത്യന്‍ ഭരണകൂടം എന്ന പ്രീതീതിയുണ്ടാക്കാന്‍ ഇത്തരം ആവേശക്കുറിപ്പുകള്‍ക്ക് സാധിച്ചിരുന്നു. വിപ്ലവം എത്തിക്കഴിഞ്ഞു എന്നൊരു പ്രീതീതിയുണ്ടാക്കാനും ജനങ്ങളെ ആവേശഭരിതരാക്കാനും ഇത്തരം പൊട്ടിപ്പുറപ്പെടലുകള്‍ക്ക് സാധിച്ചുവെങ്കിലും സാഹസികരായ അതിവിപ്ലവകാരികളുടെ ശ്രമഫലമായി കുറച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചു എന്നതല്താതെ മറ്റെന്താണുണ്ടായത് എന്നൊരു ചോദ്യമാണ് അവശേഷിക്കുന്നു.

കേരളത്തിലും നക്സല്‍പടപ്പുറപ്പാടുകള്‍ നടന്നു. ഒരു ശരാശരി വൈകാരികജീവി മാത്രമായിരുന്ന കുന്നിക്കല്‍ നാരായണനായിരുന്നു പടവാളെടുത്തവരില്‍ പ്രമുഖന്‍. വസന്തത്തിന്റെ ഇടിമുഴക്കം ഒഴിയാബാധയായി പിറകെ കൂടിയപ്പോള്‍ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ വിമതപക്ഷത്തിന് ഒരു പുതിയ ആലയമായി അതു മാറി. കുന്നിക്കല്‍ നാരായണന്റേയും എ. വര്‍ഗ്ഗീസിന്റേയുമൊക്കെ നേതൃത്വത്തില്‍ നക്സല്‍ബാരി കര്‍ഷക സമര സഹായസമിതി രൂപീകരിക്കപ്പട്ടു. അവര്‍ പീപ്പിള്‍സ് ഡെയിലിയുടെ വസന്തത്തിന്റെ ഇടിമുഴക്കം മലയാളത്തിലേക്ക് മൊഴിമാറ്റി പ്രചരിപ്പിച്ചു.

സി.പി.ഐ.എമ്മിനെ എതിര്‍ ചേരിയിലേക്ക് മാറ്റി നിറുത്തിക്കൊണ്ട് മലബാറില്‍ നടത്തിയ നീക്കങ്ങള്‍ നക്സലിസത്തിന്റെ പ്രചാരണത്തിന് ഒരു പാടു സഹായിച്ചിട്ടുണ്ട്. സി.പി.എമ്മില്‍ നിന്ന് പടിയിറങ്ങിയ എ. വര്‍ഗ്ഗീസ് സായുധവിപ്ലവത്തിന്റെ ജനകീയനായ വക്താവായി മാറി. കെ.എസ്.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പുറത്തേക്കു വന്നു. അതിവിപ്ലകരമായ നീക്കങ്ങളെ പാര്‍ട്ടി നേരിട്ടത് “മാര്‍ക്സ് ജനിച്ചത് കണ്ണൂരിലല്ല” എന്ന താക്കീതോടെയാണ്.

വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകത്തൊഴിലാളികളേയും മറ്റ് അടിസ്ഥാന ജനവിഭാഗത്തേയും നക്സല്‍ ചിന്തകളിലേക്ക് അടുപ്പിച്ചു. അക്കാലത്ത് അദ്ദേഹം സ്വന്തം വീട്ടിലേക്ക് അയച്ച ഒരു കത്തില്‍ തന്റെ വിശ്വാസങ്ങളെ ആറ്റിക്കുറുക്കി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്, “നമ്മള്‍ക്ക് ഒരു വിധം ജീവിക്കാന്‍ ദൈവം സഹായിച്ചോ പണിയെടുത്തിട്ടോ ഉണ്ടല്ലോ. അത്രവരെ ഇല്ലാത്ത എത്രയോ പേര്‍ പട്ടിണികിടന്ന് മരിക്കുന്നു. അവരെപ്പറ്റി ഓര്‍ക്കുക. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും. സുഖമായ ജീവിതം സാരമില്ല, അതുപോകട്ടെ. മറ്റാരുടേയും അടിമയായി ജീവിക്കരുത്. സത്യമായി ന്യായത്തിനു മാത്രം തലകുനിച്ചു ജീവിക്കുക. തന്നില്‍ താണവന്റെ ശബ്ദം കേള്‍ക്കുക, അങ്ങനെ വരുമ്പോള്‍ നഷ്ടങ്ങളുണ്ടാകും. അതു സാരമില്ല. എന്നെ അങ്ങിനെ വിടൂ. ഒരുനാള്‍ നല്ലതു കേള്‍ക്കാം.”

വര്‍ഗ്ഗീസിനെപ്പോലെ മജ്ജയും മാംസവുമുള്ള വിപ്ലവകാരികള്‍ ഈ പ്രസ്ഥാനത്തിന്റെ അഭിമാനങ്ങളായി എക്കാലത്തും ഉയര്‍ന്നു നില്ക്കുന്നു. ഉന്മൂലനങ്ങളാണ് പ്രതിവിധി എന്ന പ്രഖ്യാപനവുമായി വിവിധ ഇടങ്ങളില്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ആശയത്തില്‍ ആകൃഷ്ടരായിയെത്തിയവര്‍ ഒരു ജനകീയവിപ്ലവത്തിന്റെ സ്വപ്നങ്ങളെ പങ്കിട്ടു. കുറ്റ്യാടിയിലും തലശേരിയിലും പുല്‍പ്പള്ളിയിലുമൊക്കയായി ചില നീക്കങ്ങള്‍ നടന്നു.

മാടമ്പിമാരായ ജന്മിമാരില്‍ ചിലരേയും മഠത്തില്‍ മത്തായിയെപ്പോലെയുള്ള സാമൂഹ്യവിരുദ്ധരായ തെമ്മാടികളേയും വിചാരണ ചെയ്തു ‘മാതൃകാപരമായി’ ശിക്ഷിച്ചു. ഇത്തരം നീക്കങ്ങള്‍ ചിലരെ പ്രസ്ഥനത്തിലേക്ക് അടുപ്പിക്കുകയും പലരേയും അകറ്റി നിറുത്തുകയും പൊതുസമൂഹത്തില്‍ ഭയം ജനിപ്പിക്കുകയും ചെയ്തു.

തമ്മില്‍ പിരിയലും കൂടിച്ചേരലുകളുമൊക്കെയായി മുന്നോട്ടു നീങ്ങിയ നക്സല്‍ ആവേശങ്ങളെ അഞ്ഞൂറ്റി നാല്പത്തിനാലു പേജുകളിലായി ഏറെക്കുറെ സമഗ്രമായി രേഖപ്പെടുത്തി വെയ്ക്കാന്‍‌ ആര്‍.കെ. ബിജുരാജ്  ശ്രമിച്ചിരിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ മുഖങ്ങളായ രൂപേഷിലേക്കും തുഷാറിലേക്കും വരെ നീണ്ടെത്തുന്ന ഈ പുസ്തകം കേരളത്തില്‍ വേരുപിടിക്കാന്‍ പരിശ്രമിച്ച് ഇപ്പോഴും പൊങ്ങുതടിയായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ കഥ നമുക്കു പറഞ്ഞു തരുന്നു.

പബ്ലിഷേഴ്സ് : ഡി സി ബുക്സ്.
വില 395
ഒന്നാം പതിപ്പ് 2015

 വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി

Leave a Reply

Your email address will not be published. Required fields are marked *