Tue. Dec 24th, 2024

 

എറണാകുളം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതിന് മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഇരട്ടിയിലധികം വോട്ടുകളാണ് ലഭിച്ചത്. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. അങ്ങനെ തന്നെ അവര്‍ വിശ്വസിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

”കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് കിട്ടാത്തയാളെ അതും ബിജെപിയില്‍ സീറ്റ് അന്വേഷിച്ചുപോയ ഒരാളെ സ്ഥാനാര്‍ഥിയാക്കി രണ്ടാം സ്ഥാനത്തിന് പോലും മത്സരിക്കാനുള്ള അവകാശമാണ് സിപിഎം പാലക്കാട്ട് നഷ്ടപ്പെടുത്തിയത്.

മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്തി ബിജെപിക്ക് വിജയമൊരുക്കാനുള്ള പണിയാണ് അവിടെ സിപിഎം ചെയ്തത്. അതിനൊക്കെയുള്ള മറുപടിയാണ് പാലക്കാട്ടെ ജയം”, വിഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ബിജെപിയെ പിടിച്ചുകെട്ടാന്‍ കഴിവുള്ളത് കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും മാത്രമാണ് എന്ന വലിയ പ്രഖ്യാപനം കൂടി ഈ പാലക്കാടന്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും സതീശന്‍ പറഞ്ഞു.