Mon. Dec 23rd, 2024

 

പാലക്കാട്: കെ സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബിജെപി രക്ഷപ്പെടൂവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭാ പരിധിയിലടക്കം അവരുടെ അടിവേര് മാന്തിയിരിക്കുകയാണ് യുഡിഎഫ്. ഇതിന് ഉത്തരവാദി കെ സുരേന്ദ്രനാണെന്നും സന്ദീപ് പറഞ്ഞു.

‘സുരേന്ദ്രന്‍ രാജിവെക്കാതെ, അയാളെ പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല. കെ സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാര്‍ജി ഭവനില്‍നിന്ന് അടിച്ച് പുറത്താക്കി ചാണക വെള്ളം തളിക്കാതെ ആ പാര്‍ട്ടി കേരളത്തില്‍ രക്ഷപ്പെടില്ല. എന്നാല്‍, ഞാന്‍ ആഗ്രഹിക്കുന്നത് അയാള്‍ ഒരിക്കലും രാജിവെക്കരുത് എന്നാണ്’, സന്ദീപ് പറഞ്ഞു.

‘സന്ദീപ് വാര്യര്‍ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് ചീള് കേസാണ്, ഒരു സന്ദീപ് പോയാല്‍ 100 സന്ദീപ് വരും എന്നുപറഞ്ഞ് വെല്ലുവിളിച്ചവര്‍ക്കുള്ള മറുപടിയാണിത്. എനിക്ക് പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അവര്‍ തന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഡിസിസി പ്രസിഡന്റ്, ഷാഫി പറമ്പില്‍, ശ്രീകണേ്ഠട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഉജ്വലമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിജയത്തിന് കാരണമാണ്. കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയായത് കൊണ്ടാണ് ഇത്രവലിയ തിരിച്ചടി ബിജെപി നേരിട്ടത്.

പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് സ്ഥാനാര്‍ഥി. പാലക്കാട്ടെ ബിജെപിയെ ഈ രണ്ടുപേര്‍ക്കും എഴുതിക്കൊടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്’, സന്ദീപ് പറഞ്ഞു.