Tue. Dec 24th, 2024

 

തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയതയുടെയും ഭൂരിപക്ഷ വര്‍ഗീയതയുടെയും പിന്തുണയോടെയാണ് പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ സാധിക്കില്ല. പാലക്കാട് സിപിഎമ്മിന്റെ വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ബിജെപിയുടെ വോട്ട് നല്ലപോലെ കുറഞ്ഞു. ഇതിന്റെ ഗുണഭോക്താവ് ആരാണ് എന്നത് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാവും. പാലക്കാട് ഭൂരിപക്ഷം ഇതുപോലെ കൂടാനുള്ള കാരണം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടാണ്. എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ്. ബിജെപിയുടെ തകര്‍ച്ച എവിടെയായാലും ആഹ്ലാദകരമാണ്’, എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജയപരാജയങ്ങള്‍ക്കപ്പുറത്ത് ഇടതുപക്ഷം അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. ഭൂരിപക്ഷം എത്രയെന്ന് വിലയിരുത്തുന്നതില്‍ കാര്യമില്ല. ചേലക്കരയില്‍ നിലവിലെ സാഹചര്യങ്ങളില്‍ മെച്ചപ്പെട്ട വിജയം നേടാന്‍ സാധിച്ചവെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.