കൊച്ചി: എറണാകുളം പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കി.
ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. പ്രതിഷേധത്തിനിടെ ചെറിയ മല്‍പ്പിടിത്തമൊക്കേ ഉണ്ടാകും. അതിനെല്ലാം കേസെടുക്കാന്‍ നിന്നാല്‍ എല്ലാ ചെറിയ കാര്യത്തിലും കേസെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകും.
ഈ രീതി ആശാസ്യമല്ല. ഇത്തരത്തിലുള്ള കരിങ്കൊടി പ്രതിഷേധങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ചെയ്യുന്നതില്‍ തെറ്റില്ലെന്നും തടസങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കേസും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്.
2017ല്‍ പറവൂരിലാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് അപകീര്‍ത്തികരവും അപമാനിക്കലും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പറവൂര്‍ പൊലീസ് കേസെടുത്തത്. കേസെടുത്ത നടപടിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.