Sat. Dec 14th, 2024

വിയന്റിയന്‍: ലാവോസിലെ വിനോദ സഞ്ചാര കേന്ദ്രമായ വാങ് വിയാങ്ങില്‍ മെഥനോള്‍ വിഷബാധയേറ്റുള്ള മരണം കൂടുന്നു. നാലാമതൊരു ടൂറിസ്റ്റ് കൂടി മരിച്ചതായാണ് ഏറ്റവും പുതിയ വിവരം. 19 വയസ്സുള്ള ആസ്‌ട്രേലിയക്കാരിയായ ബിയാങ്ക ജോണ്‍സ് ആണ് മരിച്ചത്.

ടൂറിസ്റ്റ് നഗരമായ വാങ് വിയാങ്ങില്‍ ഒരു അമേരിക്കക്കാരന്‍ മരിച്ചതായി മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് കൗമാരക്കാരിയുടെ മരണം കുടുംബം സ്ഥിരീകരിച്ചത്. പെണ്‍കുട്ടി മെഥനോള്‍ കലര്‍ത്തിയ പാനീയങ്ങള്‍ കഴിച്ചിരിക്കാമെന്നാണ് നിഗമനം.

19ഉം 20ഉം വയസ്സുള്ള രണ്ട് ഡാനിഷ് സ്ത്രീകളും കഴിഞ്ഞയാഴ്ച ലാവോസില്‍ മരിച്ചിരുന്നു. മരണങ്ങളില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. മറ്റ് വിനോദ സഞ്ചാരികളില്‍ നിന്നുള്ള സാക്ഷ്യപത്രങ്ങളും ഓണ്‍ലൈന്‍ വാര്‍ത്താ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് ഇവര്‍ മാരകമായ മെഥനോള്‍ ചേര്‍ത്ത ലഹരി പാനീയങ്ങള്‍ കഴിച്ചിട്ടുണ്ടാകാമെന്നാണ്.

മരിച്ച ബിയാങ്ക ജോണ്‍സിന്റെ സുഹൃത്ത് ഹോളി ബൗള്‍സ് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇതിനുപുറമെ ഒരു ബ്രിട്ടീഷ് യുവതിയും ആശുപത്രിയിലാണെന്നാണ് റിപ്പോര്‍ട്ട്. എത്ര പേര്‍ക്ക് വിഷബാധയേറ്റിട്ടുണ്ടെന്ന് വ്യക്തമല്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

ആസ്‌ട്രേലിയന്‍ സ്ത്രീകള്‍ വാങ് വിയാങ്ങില്‍ താമസിച്ചിരുന്ന ഹോട്ടല്‍ പൊലീസ് അന്വേഷണത്തിനായി അടച്ചു. ഹോട്ടലില്‍നിന്ന് സൗജന്യമായി നല്‍കിയ ലാവോ വോഡ്ക കഴിച്ച നൂറിലധികം അതിഥികളില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് മാനേജര്‍ പറഞ്ഞു. മറ്റ് അതിഥികളാരും ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മാനേജര്‍ അറിയിച്ചു.

ലഹരിപാനീയങ്ങളുടെ പ്രധാന ഘടകമായ എഥനോള്‍ പോലെയല്ല, മെഥനോള്‍ മനുഷ്യര്‍ക്ക് വിഷമാണ്. ബൂട്ട്ലെഗ് മദ്യ നിര്‍മാതാക്കള്‍ ഇത് അവരുടെ പാനീയങ്ങളില്‍ ചേര്‍ക്കുന്നുണ്ട്. ആല്‍ക്കഹോള്‍ അംശം വര്‍ധിപ്പിക്കുന്നതിനുള്ള വിലകുറഞ്ഞ മാര്‍ഗമെന്ന നിലയിലാണ് ഈ വിഷ പദാര്‍ഥം കലര്‍ത്തുന്നത്.