Wed. Dec 18th, 2024

 

പാലക്കാട്: സന്ദീപ് വാര്യരെ പോലൊരു വര്‍ഗീയതയുടെ കാളിയനെ കഴുത്തില്‍ അണിയാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുവെന്ന് സിപിഎം നേതാവ് എംബി രാജേഷ്. നൂറുകണക്കിന് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ അവര്‍ തലയില്‍കൊണ്ട് നടക്കട്ടെയെന്നും എംബി രാജേഷ് പറഞ്ഞു.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാര്‍ട്ടിക്ക് നല്ല മുതല്‍ക്കൂട്ടായിരിക്കും സന്ദീപെന്നും എംബി രാജേഷ് പറഞ്ഞു.

‘വര്‍ഗീയതയുടെ ഒരു കാളിയനെ കഴുത്തില്‍ അണിയാന്‍ അതൊരു അലങ്കാരമായി കൊണ്ടുനടക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ പറ്റുകയുള്ളൂ. കോണ്‍ഗ്രസിനേ അതിനുള്ള അര്‍ഹതയുമുള്ളു. സിപിഎമ്മും ഇടതുപക്ഷവും വര്‍ഗീയതയുടെ കാര്യത്തില്‍ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്കില്ല.

സന്ദീപിനെ കോണ്‍ഗ്രസ് കൊണ്ടുനടക്കണം. എകെ ബാലന്‍ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടന്‍ ഒരു നല്ല മനുഷ്യനായതുകൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വിഡി സതീശനെ പോലെ മോശം വാക്കുകള്‍ ഉപയോഗിക്കാറില്ല.

വര്‍ഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്ക് മുസ്ലീം ലീഗിനൊക്കെ കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍. കെ മുരളീധരനെ ബിജെപിക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയി വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തതെന്നും’ എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.