വാഷിങ്ങ്ടണ്‍: ജനപ്രതിനിധി സഭ മുന്‍ അംഗവും ഇന്ത്യന്‍ വംശജയുമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായി ആയിരുന്ന തുള്‍സി നിലവില്‍ ട്രംപിന്റെ വിശ്വസ്തയാണ്.
ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുള്‍സി ഗബാര്‍ഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കും. 2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാന്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ തുള്‍സിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി. 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുള്‍സി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുള്‍സി ഉള്‍പ്പെട്ടിരുന്നു. യുസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുള്‍സി. ഹവായില്‍ നിന്നാണ് നേരത്തെ ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ട്രംപിന്റെ ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായി. ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കന്‍ അനുകൂല ചാനലാണ് ഫോക്‌സ് ന്യൂസ്. മാറ്റ് ഗെയറ്റ്‌സ് അറ്റോര്‍ണി ജനറലും ജോണ്‍ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും.
പെന്റഗണില്‍ നിന്ന് പിരിച്ചുവിടാനൊരുങ്ങുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ട്രംപ് ടീം തയ്യാറാക്കി കഴിഞ്ഞതായാണ് സൂചന. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ ലിസ്റ്റിലുണ്ടെന്നാണ് സൂചന. പീറ്റ് ഹെഗ്‌സെതിന്റെ നേതൃത്വത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയത്. ലിസ്റ്റ് ഇനി ട്രംപ് അംഗീകരിക്കേണ്ടതുണ്ട്.