Sat. Dec 14th, 2024

 

ഖാര്‍ത്തൂം: ആഭ്യന്തര കലാപത്തില്‍ ദുരിതത്തിലായി സുഡാനിലെ സ്ത്രീകളും പെണ്‍കുട്ടികളും. റെയ്ഡ് എന്ന വ്യാജേന സൈനികര്‍ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുന്നതായും ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നു.

ബലാത്സംഗം ചെയ്യുമെന്ന് സൈനികര്‍ ഭീഷണിപ്പെടുത്തിയാല്‍ സ്വയം കുത്തി മരിക്കണമെന്ന് ബന്ധുക്കളും രക്ഷിതാക്കളും സുഡാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ദേശം നല്‍കുന്നുവെന്നാണ് വിവരം. പീഡനങ്ങളില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെ കൈയില്‍ കത്തി ഏല്‍പ്പിക്കുന്നുവെന്നാണ് യുഎന്‍ പറയുന്നത്.

പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ സൈനികരുടെ മുമ്പില്‍ നിന്നും നദിയിലേക്ക് എടുത്തുചാടിയ സംഭവവും യുഎന്‍ ചൂണ്ടിക്കാട്ടി. സുഡാനീസ് സ്ത്രീകളെ സൈനികര്‍ ബലാത്സംഗം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതിക്രമങ്ങളെ ചെറുക്കാന്‍ സ്ത്രീകള്‍ കൂട്ടമായി ആത്മഹത്യ ചെയ്യുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കയിലെ സ്ത്രീകളുടെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിന്റെ റീജിയണല്‍ ഡയറക്ടര്‍ നല്‍കിയ വിവരങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍.

യുദ്ധം രൂക്ഷമായതോടെ അല്‍ ജാസിറയിലെ സ്ത്രീകളെ സൈന്യം പ്രത്യേകം ലക്ഷ്യമിട്ട് ആക്രമിക്കുകയാണ്. ആറ് വയസ് മുതല്‍ 60 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ അല്‍ ജാസിറയില്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ 27 സ്ത്രീകളെയാണ് സൈനികര്‍ പീഡിപ്പിച്ചത്.

നിലവിലെ കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ 20 മുതല്‍ അല്‍ ജാസിറയിലെ സംഘര്‍ഷത്തില്‍ ഏകദേശം 124 സുഡാനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജാസിറയില്‍ നിന്ന് 135,000 സുഡാനിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. പലായനം ചെയ്തവരില്‍ 3,200 പേര്‍ ഗര്‍ഭിണികളാണ്.

അതേസമയം, സുഡാനിലെ സ്ത്രീകള്‍ ഇത് ആദ്യമായല്ല സൈനികരുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. 20 വര്‍ഷത്തിലേറെയായി രാജ്യത്തെ സ്ത്രീകള്‍ അതിക്രമം നേരിടുന്നുണ്ട്. ആഭ്യന്തര യുദ്ധം ആരംഭിച്ചതിനുശേഷം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് റീജിയണല്‍ ഡയറക്ടര്‍ ഹാല അല്‍-കരിബ് ചൂണ്ടിക്കാട്ടിയിരുന്നു.