Sat. Nov 23rd, 2024

 

വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കിനെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വകുപ്പ് തലവനായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. പ്രചാരണകാലത്ത് തന്നെ മസ്‌കിനെ ഈ പദവിയില്‍ നിയമിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ സംരംഭകന്‍ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്‌ക് ഈ പദവി കൈയ്യാളുക. അമേരിക്കയിലെ രണ്ട് പ്രഗത്ഭരായ വ്യക്തികള്‍ സര്‍ക്കാര്‍ ബ്യൂറോക്രസിയെ ഇല്ലാതാക്കാനും അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറക്കാനും പാഴ്‌ചെലവുകള്‍ വെട്ടിക്കുറക്കാനും ഫെഡറല്‍ ഏജന്‍സികളെ പുനക്രമീകരിക്കാനും വഴിയൊരുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനുമാണ് ട്രംപിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചയുടന്‍ മസ്‌കിനെ സവിശേഷ വ്യക്തിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ‘ഞങ്ങളിന്ന് ഒരുമിച്ചിരിക്കുകയാണ്. രണ്ടാഴ്ച അദ്ദേഹം ഫിലാഡല്‍ഫിയയില്‍ ചെലവഴിച്ചു. പെന്‍സില്‍വാനിയയുടെ മറ്റ് ഭാഗങ്ങളിലും അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു’, ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായത് മുതല്‍ ട്രംപിന് മസ്‌കിന്റെ പിന്തുണയുണ്ട്. പലരും ആരെയാണ് പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കാതിരുന്നപ്പോള്‍, മസ്‌ക് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 100 മില്യണ്‍ ഡോളറാണ് മസ്‌ക് ട്രംപിന്റെ പ്രചാരണത്തിനായി ചെലവാക്കിയത്.