Sat. Dec 14th, 2024

 

കോട്ടയം: ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെച്ചതായി ഡിസി ബുക്‌സ്. നിര്‍മിതിയിലുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം പുസ്തക പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ് എന്നാണ് ഡിസി ബുക്‌സ് അറിയിച്ചത്.

ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡിസി ബുക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. പുസ്തകം വിറ്റഴിക്കണമെന്ന് സ്റ്റോറുകള്‍ക്ക് നല്‍കിയ നിര്‍ദേശവും ഡിസി ബുക്‌സ് പിന്‍വലിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെ ഇപി ജയരാജന്റെ ആത്മകഥയിലേതെന്ന പേരില്‍ പുറത്തുവന്ന പുസ്തകത്തിലെ ചില വിവരങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഡിസി ബുക്‌സിന്റെ വിശദീകരണം

അതേസമയം, എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് ഇപിയുടെ പ്രതികരണം. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നുമാണ് ഇപി പറയുന്നത്.