Thu. Nov 14th, 2024

 

കണ്ണൂര്‍: പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കി എല്‍ഡിഎഫ് മുന്‍ കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി ജയരാജന്റെ ആത്മകഥാ വിവാദം. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്. ‘സ്വതന്ത്രര്‍ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും’. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വിഷയം ചൂണ്ടിക്കാട്ടിയിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.

കണ്ണൂരില്‍ 100 കണക്കിന് ആളുകളെ കൊന്ന് തള്ളിയിട്ടും കലിയടങ്ങാത്ത ക്രിമിനല്‍ സംഘത്തിന്റെ നേതാവാണ് കെ. സുധാകരന്‍ എന്നാണ് കെപിസിസി അധ്യക്ഷനെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നത് എന്നാണ് ആരോപണം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയപ്പോള്‍ പാര്‍ട്ടി തന്നെ കേട്ടില്ല. ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും ഇപി പറയുന്നു.

എന്നാല്‍, പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇപി ജയരാജന്‍ രംഗത്തെത്തി. പുസ്തകം താന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇപി പറഞ്ഞു.

‘ഞാന്‍ എഴുതിയിടത്തോളമുള്ള കാര്യങ്ങള്‍ പ്രിന്റ് ചെയ്യാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. ഇന്ന് വന്ന ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. ഞാന്‍ എഴുതാത്ത കാര്യങ്ങള്‍ എഴുതി അത് പ്രസിദ്ധീകരിക്കുമെന്ന വാര്‍ത്തയാണ് ഞാന്‍ കാണുന്നത്.

തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം മെനഞ്ഞെടുത്തതാണിത്. ശക്തമായ നിയമനടപടി സ്വീകരിക്കും. എന്റെ പുസ്തകം താമസിക്കാതെ തന്നെ ഞാന്‍ പ്രസിദ്ധീകരിക്കും. മാതൃഭൂമി, ഡിസി ബുക്‌സ് എന്നിവര്‍ പ്രസിദ്ധീകരിക്കാന്‍ ചോദിച്ചിരുന്നു. ആലോചിച്ച് പറയാം എന്നായിരുന്നു എന്റെ മറുപടി.

പുസ്തകത്തിന്റെ പുറംചട്ട ഇന്ന് ആദ്യമായാണ് കാണുന്നത്. ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഡിസി ബുക്‌സിന് ഒരു കരാറും ഏല്‍പ്പിച്ചിട്ടില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.