Wed. Feb 12th, 2025

 

ന്യൂഡല്‍ഹി: മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവര്‍ത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. പടക്കങ്ങള്‍ക്ക് രാജ്യ വ്യാപകമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു.

ഡല്‍ഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വര്‍ഷം മുഴുവനും ഗുരുതര വായുമലീനികരണം അഭിമുഖീകരിക്കുന്ന ഡല്‍ഹിയില്‍ നിര്‍ദ്ദിഷ്ട മാസങ്ങളില്‍ മാത്രം പടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു.

നിയന്തണാതീതമായ രീതിയില്‍ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാന്‍മാരായിരിക്കുക എന്ന പൗരന്‍മാരുടെ മൗലികാവകാശത്തേയും ബാധിക്കുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിര്‍ദ്ദിഷ്ട സമയത്ത് മാത്രം ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് എന്തുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വര്‍ഷം മുഴുവനും എന്തുകൊണ്ട് നിരോധനം നടപ്പാക്കുന്നില്ല പടക്കങ്ങളുടെ നിര്‍മാണത്തിനും വില്‍പനയ്ക്കും ഉപയോഗത്തിനും എന്തുകൊണ്ടാണ് ഒക്ടോബറിനും ജനുവരിക്കും ഇടയില്‍ മാത്രം നിരോധനം വര്‍ഷം മുഴുവന്‍ അന്തരീക്ഷ മലിനീകരണം അനുഭവപ്പെടുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഏതാനും മാസങ്ങളില്‍ മാത്രം നിയന്ത്രണം, കോടതി ചോദിച്ചു.

പടക്കങ്ങള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ ഡല്‍ഹി സര്‍ക്കാരിനേയും പോലീസിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ഉത്സവകാലത്തും മലിനീകരണം രൂക്ഷമാകുന്ന മാസങ്ങളിലുമാണ് നിലവിലുള്ള നിയന്ത്രണ ഉത്തരവില്‍ ശ്രദ്ധ ചെലുത്താനാവശ്യപ്പെടുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ സോളിസിറ്ററിന്റെ വാദത്തില്‍ തൃപ്തരാകാത്ത ബെഞ്ച് സ്ഥിരമായ വിലക്കെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു.

പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിച്ചതിനോടൊപ്പം വിവാഹം, തിരഞ്ഞെടുപ്പ് തുടങ്ങിയ പരിപാടികള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബര്‍ 14ന് ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും കോടതി സൂക്ഷ്മായി പരിശോധിച്ചു. വിവാഹങ്ങള്‍ക്കും തിരഞ്ഞെടുപ്പുകള്‍ക്കും പടക്കം പൊട്ടിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ടോയെന്നും ആരെല്ലാമാണ് ഇത് നടപ്പാക്കുന്നതെന്നും കോടതി ചോദിച്ചു.

സമ്പൂര്‍ണ നിരോധനം നിലനില്‍ക്കേ പടക്കവില്‍പനയ്ക്ക് ലൈസന്‍സ് നല്‍കരുതെന്ന് പറഞ്ഞ കോടതി, നിര്‍മാണവും വില്‍പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

നവംബര്‍ 25ന് മുന്‍പ് ഒരു വര്‍ഷത്തേയ്ക്ക് പടക്കങ്ങള്‍ പൂര്‍ണമായി നിരോധിക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പടക്കം പൊട്ടിക്കുന്നത് ആരെങ്കിലും മൗലികാവകാശമായി കണക്കാക്കുന്നുണ്ടെങ്കില്‍ അവര്‍ കോടതിയെ സമീപിക്കട്ടേയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.