Sat. Dec 14th, 2024

 

വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി സംസാരിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈയിനുമായുള്ള യുദ്ധത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തുവെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ-യുക്രൈന്‍ യുദ്ധം വ്യാപിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പുടിനോട് ട്രംപ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

യുഎസിന് യുറോപ്പില്‍ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓര്‍മിപ്പിച്ചു. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്നത് ട്രംപിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി ഒരുങ്ങുകയാണെന്നുള്‍പ്പടെ വാര്‍ത്തകളും പുറത്തുവന്നിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രൈനിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ പുടിനുമായുള്ള ചര്‍ച്ച. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചത്.

യുക്രൈനിലെ യുദ്ധം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി ചര്‍ച്ചകളില്‍ ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതില്‍ ഊന്നല്‍ നല്‍കുകയാണ് ട്രംപിന്റെ പ്രാഥമിക ലക്ഷ്യമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യുവും ഉള്‍പ്പടെ 70ഓളം ലോകനേതാക്കളെ വിജയത്തിന് പിന്നാലെ ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യുഎസ് തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറല്‍ വോട്ടുകള്‍ സ്വന്തമാക്കി. 226 വോട്ടുകള്‍ നേടാന്‍ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാന്‍ ട്രംപിന് മൊത്തം 270 വോട്ടുകള്‍ മാത്രമാണ് വേണ്ടിയിരുന്നത്.