ടെല്‍ അവീവ്: ലെബനാനിലുടനീളം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സംഭവത്തില്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യ തുറന്നുപറച്ചിലാണിത്.
ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്നും ഞായറാഴ്ച ക്യാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി.
പ്രതിരോധ വൃത്തങ്ങളില്‍നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നുമുള്ള എതിര്‍പ്പ് വകവെക്കാതെയാണ് ലെബനാനില്‍ ആക്രമണം നടത്താന്‍ നെതന്യാഹു നിര്‍ദേശിച്ചത്. സെപ്റ്റംബര്‍ 17നാണ് ലെബനാന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
30 മിനിറ്റിനകമാണ് ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജിപിഎസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുള്ള ഉപയോഗിച്ചിരുന്നത്. പേജര്‍ സ്‌ഫോടനത്തിന് പിന്നാലെയാണ് ഇസ്രായേല്‍ സൈന്യം ലെബനാനില്‍ യുദ്ധം ആരംഭിച്ചത്.
പേജര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലെബനാന്‍, അന്താരാഷ്ട്ര തൊഴില്‍ സംഘടനക്ക് പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യകുലത്തിലും സാങ്കേതികവിദ്യക്കും തൊഴിലിനും എതിരെ ഇസ്രായേല്‍ യുദ്ധം നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.
അതേസമയം, ഇസ്രായേല്‍ ലെബനാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 3000 ത്തിലേറെ ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. അതിനിടെ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനുസമീപം ഞായറാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്.