Sun. Dec 22nd, 2024

 

കല്‍പറ്റ: വയനാട് തോല്‍പ്പെട്ടിയില്‍നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകള്‍. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനാണെന്ന് കിറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റില്‍ പതിപ്പിച്ചത്.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടി രണ്ടു മാസം മുന്‍പ് എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസ് വിശദീകരണം. കര്‍ണാടക ഉള്‍പ്പെടെയുള്ള പലഭാഗങ്ങളില്‍നിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂര്‍ത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകള്‍ കാരണം വിതരണം വൈകിയതിനാല്‍ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ദുരന്തബാധിതര്‍ക്കുള്ള കിറ്റ് സൂക്ഷിച്ചുവച്ച് ഇപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. പട്ടിണി കിടക്കുന്ന പാവങ്ങള്‍ക്ക് കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണ്. നിരവധി വീടുകളില്‍ കിറ്റ് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.