Sat. Dec 14th, 2024

 

മുംബൈ: 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഏക്താ കപൂര്‍ നിര്‍മിക്കുന്ന ‘സബര്‍മതി റിപ്പോര്‍ട്ടിന്റെ’ പേരില്‍ തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടന്‍ വിക്രാന്ത് മാസി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി ഉയരുന്നത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും താരം പറഞ്ഞു.

”എനിക്കെതിരെ വധഭീഷണി വരുന്നുണ്ട്. അതൊന്നും ഞാന്‍ ശ്രദ്ധിക്കുന്നേയില്ല. ഞങ്ങളുടെ ടീം ഒരുമിച്ചാണ് ഇതിനെ കൈകാര്യം ചെയ്യുന്നത്”, ട്രയിലര്‍ ലോഞ്ചിനിടെ വിക്രാന്ത് മാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഞങ്ങള്‍ കലാകാരന്മാരാണ്, ഞങ്ങള്‍ കഥകള്‍ പറയുന്നു. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രം സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുമോ എന്ന ചോദ്യത്തിന് ‘സാമൂഹിക വ്യാഖ്യാനം’ എന്നാണ് എക്താ കപൂര്‍ വിശേഷിപ്പിച്ചത്. താന്‍ ഒരു ഹിന്ദുവാണെന്നും ഹിന്ദു എന്നാല്‍ മതേതരനാണെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ ഒരു ഹിന്ദുവായതിനാല്‍ ഒരു മതത്തെക്കുറിച്ചും ഒരിക്കലും അഭിപ്രായം പറയില്ല. ഞാന്‍ നിങ്ങളോട് ഇത് പറയാന്‍ ആഗ്രഹിക്കുന്നു. എല്ലാ മതങ്ങളെയും ഞാന്‍ സ്‌നേഹിക്കുന്നു. നിങ്ങള്‍ സിനിമ കാണണം. എന്നാല്‍ അതേസമയം, കുറ്റവാളികളുടെ പേര് ഞാന്‍ പറയും. ഒരു മതത്തിന്റെയും പേര് പറയാതെയും ഉപദ്രവിക്കാതെയും അതാണ് ഒരു കഥാകൃത്തിന്റെ ഭംഗി,’ അവര്‍ വിശദമാക്കി.

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് ചിത്രത്തില്‍ വിക്രാന്ത് എത്തുന്നത്. ധീരജ് സര്‍ണ സംവിധാനം ചെയ്യുന്ന സിനിമയില്‍ റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

2002 ഫെബ്രുവരി 27നാണ് അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ എസ്-6 ബോഗി അഗ്‌നിക്കിരയായത്. സംഭവത്തില്‍ 59 പേര്‍ മരിച്ചു. 1600 ഓളം പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു വഴിമരുന്നിട്ടത് ഈ സംഭവമാണ്.