Sat. Dec 14th, 2024

 

കല്‍പ്പറ്റ: മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നല്‍കിയ ഒരു കിറ്റില്‍പ്പോലും യാതൊരു കേടുപാടുമില്ലെന്നും ഇത് പകല്‍ പോലെ വ്യക്തമാണെന്നും ആര്‍ക്ക് വീഴ്ചപറ്റിയാലും ഇത് ഗുണകരമായ കാര്യമല്ലെന്നും മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 30 നും നവംബര്‍ ഒന്നിനും എസ്‌ജെഎംഎസ് സ്‌കൂളില്‍നിന്ന് സാധനങ്ങള്‍ വിതരണം ചെയ്ത ഏഴ് പഞ്ചായത്തുകളുണ്ടെന്നും അതില്‍ ഒരു മുനിസിപ്പാലിറ്റിയും ആറ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏഴിടത്ത് ഇവിടെ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം ഇത് ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ലെന്നും വ്യക്തമാക്കി.

‘ജില്ലാ ഭരണകൂടം അവസാനം കൊടുത്ത അരി ചാക്കിലാണ്. ഇതില്‍ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല. ഈ സാധനങ്ങള്‍ അവസാനം വിതരണം ചെയ്തത് സെപ്റ്റംബര്‍ ഒമ്പതിനാണ്.

ആ കൂട്ടത്തില്‍ അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, പാല്‍പ്പൊടി, ചായപ്പൊടി, ഉപ്പ്, റവ, മീറ്റ് മസാല, ചിക്കന്‍ മസാല എന്നിവയും തുണിത്തരങ്ങളും ചില ഗൃഹോപകരണങ്ങളുമുണ്ട്. അതാണിപ്പോള്‍ വിതരണം ചെയ്തതെങ്കില്‍ ഗുരുതരമായ തെറ്റായി. രണ്ടുമാസക്കാലം ഇങ്ങനെ എടുത്തുവെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.

ഇതിനുപുറമേ ആ പഞ്ചായത്തുകാര്‍തന്നെ സമ്മതിക്കുന്നൊരു കാര്യം, ഇവിടെ നിന്ന് കിട്ടിയ സാധനങ്ങള്‍ക്ക് പുറമേ പഞ്ചായത്തില്‍നിന്ന് വിവിധ സന്നദ്ധ സംഘടനകള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കൂടി വിതരണം ചെയ്തിട്ടുണ്ട് എന്നതാണ്. അതാരൊക്കെയാണ് എന്തൊക്കെയാണ് എവിടെവെച്ചാണ് എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റുന്നില്ല.

റവന്യൂ വകുപ്പില്‍നിന്ന് കിട്ടിയ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് ഇന്‍വോയിസിലൂടെ മനസിലാകും. റവന്യൂ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പുപറയാന്‍ പറ്റും. കാരണം ചാക്കുകളിലുള്‍പ്പെടെ വിതരണം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് തോന്നുന്നതൊന്നും വിതരണം ചെയ്തിട്ടില്ല. അത് ഫാമുകള്‍ക്ക് നല്‍കിയ അനുഭവമാണുള്ളത്’, മന്ത്രി പറഞ്ഞു.

‘റവന്യൂ വകുപ്പ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവര്‍ വിതരണം ചെയ്തതിന്റെ കണക്കാണ് താന്‍ പറഞ്ഞത്. ഒരു തെറ്റുപറ്റി, അവര്‍ക്ക് സാധനങ്ങള്‍ മാറ്റിക്കൊടുക്കും എന്നെല്ലാം ടിവിയില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. അന്വേഷണം വേണ്ടിവന്നാല്‍ പ്രഖ്യാപിക്കും. ഇപ്പോള്‍ പകല്‍പോലെ വ്യക്തമാണ് കാര്യങ്ങള്‍.

സെപ്റ്റംബര്‍ ഒമ്പതിന് കൊടുത്ത സാധനമാണ് വിതരണം ചെയ്തതെങ്കില്‍ അതുചെയ്തവനാരാണ് എന്തിനാണ് ഇത്രദിവസം എടുത്തുവെച്ചത് ഓണത്തിന് കൊടുക്കാന്‍ വെച്ച വസ്ത്രം അവിടെ കെട്ടിക്കിടക്കുന്നുണ്ട്. കളക്ടറോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചിരുന്നു. സ്റ്റോറില്‍ ജോലി ചെയ്തവരെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമികമായ വിവരം ലഭ്യമാക്കിയിട്ടുണ്ടെന്നും’ മന്ത്രി കൂട്ടിച്ചേര്‍ത്തു.