Sun. Dec 22nd, 2024

 

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന. വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന മുറികളില്‍ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് വനിതാ നേതാക്കളുടെയടക്കം മുറികളിലെത്തി പരിശോധന നടത്തിയത്. കാറില്‍ പണമെത്തിച്ചെന്നായിരുന്നു ആരോപണം.

സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നെന്ന് സിപിഎം-ബിജെപി നേതാക്കള്‍ ആരോപിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ താന്‍ കോഴിക്കോട് ആണ് ഉള്ളതെന്ന് അവകാശപ്പെട്ട് രാഹുല്‍ ഫേസ്ബുക്കില്‍ ലൈവ് വിഡിയോ പോസ്റ്റ് ചെയ്തു.

രാത്രി 12.10നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എഎസ്പി അശ്വതി ജിജി അറിയിച്ചു. പാലക്കാട്ടെ കെപിഎം ഹോട്ടലിലായിരുന്നു പരിശോധന നടന്നത്.

കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ മുറിയില്‍ ആദ്യം പരിശോധന നടത്തിയ പൊലീസ് പിന്നീട് ഷാനിമോള്‍ ഉസ്മാനെയും സമീപിച്ചു. എന്നാല്‍ വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താന്‍ കഴിയില്ലെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ നിലപാട്.

ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ ശക്തമായ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കമെത്തി പ്രതിഷേധിച്ചു. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് എഴുതി നല്‍കി.

കള്ളപ്പണ ഇടപാടിലാണ് പരിശോധനയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീട് പോലീസ് നിലപാട് മാറ്റി പതിവ് പരിശോധന എന്നാക്കി. യൂണിഫോം ഇല്ലാതെയാണ് പോലീസ് എത്തിയതെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാ നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ സംഘര്‍ഷാവസ്ഥയായി. രാത്രി ഒന്നരയോടെ ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും വലിയ പ്രതിഷേധമാണ് സംഭവ സ്ഥലത്തുയര്‍ന്നത്.

എഎ റഹീം എംപിയും മറ്റു ഇടതുനേതാക്കളും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തര്‍ക്കിച്ചു. ബിജെപി നേതാക്കളായ വിവി രാജേഷ്, സിആര്‍ പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവെച്ചു.