Fri. Nov 22nd, 2024

 

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ നാലുമാസം മുമ്പ് കാണാതായ 32കാരിയെ ജിം ട്രെയിനര്‍ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ഡിസ്ട്രിക് മജിസ്‌ട്രേട്ടിന്റെ ഔദ്യോഗിക വസതിക്കടുത്ത് ഉന്നതര്‍ താമസിക്കുന്ന മേഖലയിലാണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ജിം ട്രെയിനര്‍ വിമല്‍ സോണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ബിസിനസുകാരന്റെ ഭാര്യയായ ഏക്ത ഗുപ്തയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ജൂണ്‍ 24 മുതല്‍ അന്വേഷണം നടക്കുകയായിരുന്നു.

ജിം പരിശീലകനായ വിമല്‍ സോണിയുമായി യുവതി അടുപ്പത്തിലായിരുന്നു. ജിമ്മിലെ പരിശീലനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു യുവതിയുമായി വിമലിന്റെ വിവാഹം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു ദിവസം ജിമ്മിലെത്തിയ ഏക്തയുമായി വിമല്‍ കാറില്‍ പുറത്തേക്ക് പോയി. തര്‍ക്കത്തിനിടെ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

ജഡ്ജിമാരും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇവിടെയുള്ള ഓരോ വീടുകളിലും സുരക്ഷാ ഉദ്യോഗസ്ഥനും സിസിടിവി കാമറകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് കാറില്‍ ഇവിടെയെത്തി അഞ്ചു മണിക്കൂറോളം സമയമെടുത്ത് വിമല്‍ മൃതദേഹം കുഴിച്ചിട്ടത്.

ഇവിടെ അടുത്തിടെ നിര്‍മാണ പ്രവൃത്തി തുടങ്ങിയിരുന്നു. റായ്പുര സ്വദേശിയാണ് പരിസരം കുഴിച്ചുകൊണ്ടിരിക്കെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.