Sat. Jan 18th, 2025

 

കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത കൂടുന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. ‘ജിന്ന്’ ആണ് കൊല നടത്തിയതെന്നാണ് പ്രതിയായ സഹദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വീട്ടുകാരും പറയുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഇര്‍ഷാദിന് പ്രാതല്‍ നല്‍കിയിരുന്നുവെന്ന് ഒരു സഹോദരി പറഞ്ഞു. എന്നാല്‍ നല്‍കിയില്ല എന്നാണ് മറ്റു സഹോദരിയുടെ മൊഴി.

ഇര്‍ഷാദിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. കൊലപാതകത്തിലോ തെളിവ് നശിപ്പിക്കുന്നതിലോ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. കൃത്യം ചെയ്യാനായി ഉപയോഗിച്ച കത്തി വീടിന്റെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് പൊലീസ് നായയുടെ സഹായത്താലാണ് കണ്ടെത്തിയത്. ഇന്ന് സ്ഥലത്ത് നേരിട്ടെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.

കൊല്ലപ്പെട്ട ഇഷാദ് അടൂര്‍ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ലഹരി ഉപയോഗവും കൃത്യമായി ജോലിക്ക് വരാത്തതും കാരണം ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ലഹരി ഉപയോഗമാണ് ഇര്‍ഷാദിനെയും സഹദിനെയും തമ്മില്‍ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകള്‍ സഹദിന്റെ പേരില്‍ ഉണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെയിരുന്നു ഇര്‍ഷാദ് കൊല്ലപ്പെട്ടത്. സഹദിന്റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ദിവസങ്ങളായി സഹദിന്റെ വീട്ടിലായിരുന്നു ഇര്‍ഷാദ് താമസിച്ചിരുന്നത്. സഹദ് വീടിനുള്ളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകളിലത്തെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.