Sun. Nov 3rd, 2024

തിരുവനന്തപുരം: പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പോലീസിന് മൊഴി നല്‍കി തിരിച്ചു പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

എനിക്ക് പറയാനുള്ള സ്‌പെയ്‌സ് നിങ്ങള്‍ തരുന്നുണ്ട്. ഒരു സാധാരണക്കാരനാണെങ്കില്‍ എന്ത് ചെയ്യും. അയാളുടെ കുടുംബം തകരില്ലേ. അയാളുടെ ഫാമിലിയുടെ മുന്നില്‍ അയാളുടെ ഇമേജ് പോകില്ലേ. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നു. കണ്ടുപരിചയമുണ്ടായിരുന്നു.

2019, 2020, 2021ലുമൊക്കെ ഇവര്‍ ആരുമറിയാതെ നന്മ ചെയ്യുന്നയാള്‍ എന്നൊക്കെ പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നല്ലോ. അതിന് ശേഷം എന്തിനാണിങ്ങനെയൊരു ഫേക്ക് അലിഗേഷനുമായി വരുന്നത്. അവരെന്ത് പറഞ്ഞാലും ഉത്തരം പറയാനുള്ള ആളല്ല ഞാന്‍. ഫ്രണ്ട്ഷിപ്പ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വിളിച്ചു പറയുമോയെന്നും ജയസൂര്യ ചോദിച്ചു. പൊലീസില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയേണ്ടതില്ലെന്നും ജയസൂര്യ പറഞ്ഞു. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.