Thu. Apr 17th, 2025

 

ഡബ്ലിന്‍: ലെബനാന്‍ ആക്രമണത്തിനിടെ ഇസ്രായേല്‍ ഭീഷണി തള്ളി അയര്‍ലന്‍ഡ്. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചാലും യുഎന്‍ സമാധാനദൗത്യത്തിന്റെ ഭാഗമായി അയച്ച സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഐറിഷ് പ്രസിഡന്റ് മിഷേല്‍ ഡി ഹിഗ്ഗിന്‍സ് വ്യക്തമാക്കി. സമാധാനപാലകരായ സൈന്യത്തിനെതിരായ ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

347 ഐറിഷ് സൈനികരാണ് യുണൈറ്റഡ് നാഷനല്‍സ് ഇന്റെറിം ഫോഴ്സ് ഇന്‍ ലബനാന്‍(യുഎന്‍ഐഫില്‍) എന്ന ദൗത്യസംഘത്തിന്റെ ഭാഗമായി ലെബനാനിലുള്ളത്. ദക്ഷിണ ലെബനാനിലാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്.

ഗോലാന്‍ കുന്നിനോട് ചേര്‍ന്ന് ലെബനാനെ ഇസ്രായേലില്‍നിന്ന് വേര്‍തിരിക്കുന്ന മേഖലയിലുള്ള 25 ഔട്ട്പോസ്റ്റുകളില്‍ രണ്ടെണ്ണം ഐറിഷ് സൈനികരുടെ നിയന്ത്രണത്തിലാണുള്ളത്. ലെബനാനില്‍ കരയാക്രമണം കടുപ്പിക്കുന്നതിനിടെ ഇവരെ തിരിച്ചുവിളിക്കണമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലെബനാനിലുള്ള തങ്ങളുടെ സൈന്യം അപകടകരമായ സ്ഥിതിയിലാണുള്ളതെന്ന് ഐറിഷ് നിയമമന്ത്രി ജെയിംസ് ബ്രൗണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സേനയെ പിന്‍വലിക്കണമെന്ന ഐഡിഎഫ് ആവശ്യം അംഗീകരിക്കില്ലെന്ന് യുഎന്‍ വ്യക്തമാക്കിയതാണെന്നും ഐറിഷ് പ്രസിഡന്റിന് തുറന്നുപറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് അയര്‍ലന്‍ഡ് ഡിഫന്‍സ് ഫോഴ്സസ് വക്താവ് ക്യാപ്റ്റന്‍ കെവിന്‍ കെന്നിയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഐറിഷ് പോസ്റ്റുകളില്‍നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുഎന്‍ഐഫില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെയാണിത്. നിലവില്‍ തങ്ങളുടെ കേന്ദ്രങ്ങളില്‍ ഐഡിഎഫ് സാന്നിധ്യമില്ലെന്ന് ഐറിഷ് ഡിഫന്‍സ് ഫോഴ്സസ് അറിയിച്ചിട്ടുണ്ട്.

അയര്‍ലന്‍ഡ് പ്രധാനമന്ത്രി സിമോണ്‍ ഹാരിസിന്റെ യുഎസ് സന്ദര്‍ശനത്തിലും അയര്‍ലന്‍ഡ് രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ അയര്‍ലന്‍ഡിന്റെയും ഐറിഷ് ജനതയുടെയും നിലപാട് അറിയിച്ചതായി ഹാരിസ് പറഞ്ഞു.

ഒക്ടോബര്‍ ഏഴ് ആക്രമണത്തെ അപലപിക്കുമ്പോഴും നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഫലസ്തീനികള്‍ക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യത്തില്‍ രാജ്യം ഉറച്ചുനില്‍ക്കുമെന്നും പറഞ്ഞു.

1978ലാണ് യുഎന്‍ഐഫില്‍ എന്ന പ്രത്യേക സേനയെ ലെബനാനിലെ സമാധാനദൗത്യത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭ അയയ്ക്കുന്നത്. ലെബനാനില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ പിന്മാറ്റം ഉറപ്പാക്കുകയായിരുന്നു സേനയുടെ പ്രധാന ദൗത്യം.

സെപ്റ്റംബര്‍ 30ന് ലെബനാനില്‍ ആരംഭിച്ച കരയാക്രമണത്തിന് മുന്‍പ് സൈന്യത്തെ മാറ്റാന്‍ ഇസ്രായേല്‍ നിര്‍ദേശിച്ചിരുന്നതായി യുഎന്‍ഐഫില്‍ വക്താവ് ആന്‍ഡ്രിയ ടെനെന്റി അറിയിച്ചു. നിലവിലുള്ള കേന്ദ്രങ്ങളില്‍തന്നെ ദൗത്യസേന തുടരും. ലെബനാനില്‍ യുഎന്‍ പതാക തുടര്‍ന്നും പാറുമെന്നും അദ്ദേഹം വ്യക്തമാക്കി.