Wed. Jan 22nd, 2025

 

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.

തദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങളെന്നും അതിനാലാണ് നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയതെന്നാണ് സ്പീക്കര്‍ മറുപടി നല്‍കിയത്. ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയുംവരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ സഭയില്‍ ഓര്‍മിപ്പിച്ചു.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടര്‍ന്നു. അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആര്‍ വിവാദവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് സഭയില്‍ ബഹളമുണ്ടായി. ഇക്കാര്യത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. ഇതോടെ സ്പീക്കര്‍ രാജിവയ്ക്കണമെന്നും ആവശ്യമുയര്‍ന്നു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. മലപ്പുറം വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തി.

പ്രതിപക്ഷ ബഹിഷ്‌കരണത്തിന് പിന്നാലെ പാര്‍ലമെന്ററികാര്യ മന്ത്രി എംബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി അധിക്ഷേപം നടത്തുകയാണെന്ന് എംബി രാജേഷ് ആരോപിച്ചു. സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.