Sun. Nov 3rd, 2024

 

ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ എന്ന് പേരിട്ട മിന്നലാക്രമണത്തോടെയാണ് ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങുന്നത്. പിന്നീടത് ഗാസയിലെ ജനങ്ങളുടെ കൂട്ടക്കൊലയാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഗാസയി നിന്നും വെസ്റ്റ് ബാങ്കിലേയ്ക്കും പിന്നീട് ലെബനാനിലേയ്ക്കും വ്യാപിച്ച യുദ്ധം ഇന്ന് പശ്ചിമേഷ്യയ്ക്കാകെ ഭീഷണിയായി തുടരുകയാണ്.

ഇസ്രായേലിന്റെ സകല സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് 2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ഏകദേശം 1205 പേര്‍ കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി. ഒക്ടോബര്‍ ഏഴിന് പിന്നാലെ പശ്ചിമേഷ്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഹമാസ് ആണെന്ന പ്രചാരണവുമായിട്ട് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ഭരണകൂടങ്ങള്‍ രംഗത്തിറങ്ങി. ഇതിന്റെ ചുവടുപിടിച്ച് ഇസ്രായേല്‍ ആദ്യം വ്യോമാക്രമണം നടത്തി. പിന്നീട് 2023 ഒക്ടോബര്‍ 27ഓടെ കര ആക്രമണം വ്യാപിപ്പിച്ചു.

ഏകദേശം 21 ലക്ഷം ജനസംഖ്യയുള്ള ഗാസയില്‍ ഇതുവരെ 42000-ത്തിലധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 11000-ത്തിലധികം കുട്ടികളും 6000-ത്തിലധികം സ്ത്രീകളുമാണ്. 96000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 10000-ത്തിലധികം പേരെ കാണാതായി. 19 ലക്ഷം പേര്‍ കുടിയിറക്കപ്പെട്ടു. ആകെയുണ്ടായിരുന്ന 36 ആശുപത്രികളില്‍ 15 എണ്ണം മാത്രമാണ് ഇന്ന് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. 986 ആരോഗ്യപ്രവര്‍ത്തകരെയും 128 മാധ്യമപ്രവര്‍ത്തകരെയും ഇസ്രായേലി സൈന്യം വധിച്ചു. 18.5 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം ഗാസയിലുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഫലസ്തീനികളുടെ അഭയമായിരുന്ന ക്യാമ്പുകളും ഉള്‍പ്പെടെ ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തിലൂടെ ഇല്ലാതാക്കി. ഗാസ മുനമ്പിലെ 66% റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും 124 സ്‌കൂളുകളും ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ടെന്നാണ് കണക്ക്.

പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വസതിക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ ഒഴിഞ്ഞ ഒരു ദിവസം പോലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായിട്ടില്ല. നല്ലൊരു വിഭാഗം ഇസ്രായേല്യരും യുദ്ധവിരാമം ആഗ്രഹിക്കുന്നവരാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഫലസ്തീന്‍ സ്വന്തം നിലക്ക് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ഇസ്രായേലിന്റെ അധിനിവേശത്തിനെതിരായ കരട് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് 124 രാഷ്ട്രങ്ങളാണ്. ഇതില്‍നിന്ന് തന്നെ ഇസ്രായേല്‍ ആഗോളതലത്തില്‍ എത്രമാത്രം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാണ്.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സ് ഒന്നടങ്കം പ്രസംഗം ബഹിഷ്‌കരിച്ച് എഴുന്നേറ്റ് പോയത് നാം കണ്ടതാണ്. ഇക്കാലയളവില്‍ സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ഏഴ് രാഷ്ട്രങ്ങള്‍ 2024ല്‍ ഫലസ്തീനെ അംഗീകരിക്കുകയുണ്ടായി.

ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്ന് വിധിച്ചു. ഇസ്രായേലിന്റെ വംശഹത്യക്കെതിരായി ദക്ഷിണാഫ്രിക്ക നല്‍കിയ കുറ്റപത്രം സയണിസ്റ്റ് ഭീകരതയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടി. അന്താരാഷ്ട്ര ക്രിമിനല്‍ കോര്‍ട്ട് നെതന്യാഹുവിനെ യുദ്ധകുറ്റവാളിയായി കണ്ട് പ്രോസിക്യൂട്ട് ചെയ്യാന്‍ വാറന്റ് പുറപ്പെടുവിക്കുക കൂടിയുണ്ടായി.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ലോക രാഷ്ട്രങ്ങളുടെ കൂട്ടായ്മക്ക് തങ്ങള്‍ രൂപം കൊടുക്കുന്നതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ പൊതുവായും അറബ് രാഷ്ട്രങ്ങളില്‍ സവിശേഷമായും രൂപപ്പെട്ട ഫലസ്തീന്‍ അനുകൂല വികാരത്തിന്റെ പ്രതിഫലനമാണ് ഇത്തരം നീക്കങ്ങള്‍.

2023 നവംബര്‍ 30ന് അവസാനിച്ച ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ മാറ്റിനിര്‍ത്തിയാല്‍ ഓരോ മണിക്കൂറിലും ഗാസയില്‍ ബോംബുകള്‍ വീണുകൊണ്ടിയേരിക്കുകയാണ്. ഈ ആക്രമണങ്ങള്‍ക്ക് ഇസ്രായേലിന് ഏറ്റവും കൂടുതല്‍ ആയുധ പിന്തുണ നല്‍കുന്നത് അമേരിക്കയാണ്.

2024 ഓഗസ്റ്റില്‍, ബൈഡന്‍ ഭരണകൂടം ഇസ്രായേലിന് 20 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജിനുള്ള അംഗീകാരമാണ് നല്‍കിയത്. കൂടാതെ സൈനിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും മേഖലയില്‍ ഗുണപരമായ സൈനിക മുന്‍തൂക്കം നിലനിര്‍ത്തുന്നതിനുമായി അമേരിക്കയില്‍ നിന്ന് 870 കോടി ഡോളര്‍ സഹായ പാക്കേജും ഇസ്രായേല്‍ നേടിയിരുന്നു.

ഇസ്രായേല്‍ 21 ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി അമേരിക്ക പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ളയെ സയണിസ്റ്റ് ഭരണകൂടം വധിച്ചു. ഗാസ- ഈജിപ്ത് അതിര്‍ത്തിയിലും മുനമ്പിലെ രണ്ടായി കീറിമുറിക്കുന്ന നെറ്റ്സാരിം ഇടനാഴിയിലും ഇസ്രായേലി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകണം എന്നായിരുന്നു നെതന്യാഹുവിന്റെ ആവശ്യം. പക്ഷെ ഹമാസ് ബന്ദികളാക്കിയവരില്‍ ആറുപേരുടെ മൃതദേഹം കൂടി ലഭിച്ചതോടെ ഇസ്രായേലില്‍ ആഭ്യന്തരമായി പ്രതിഷേധങ്ങള്‍ ആരംഭിച്ചു. പിന്നാലെയാണ് ഗാസയില്‍നിന്ന് ലെബനനിലേക്ക് കൂടി നെതന്യാഹു ആക്രമണം വ്യാപിപ്പിക്കുന്നത്.

ഹിസ്ബുള്ളയെ തകര്‍ക്കാണെന്ന പേരിലാണ് ലെബനാനില്‍ ഇസ്രായേല്‍ അതിക്രമം ആരംഭിച്ചത്. പേജര്‍- വാക്കി ടോക്കി സ്ഫോടനങ്ങളോടെ ആരംഭിച്ച ആക്രമണം, വ്യോമാക്രമണത്തിലും ഒടുവില്‍ കര അധിനിവേശത്തിലേക്കും എത്തിനില്‍ക്കുകയാണ്. ഏകദേശം 12 ലക്ഷം ലെബനീസ് പൗരന്മാര്‍ ഇതുവരെ പലായനം ചെയ്തതായാണ് കണക്ക്. മൂവായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയെ കൂടാതെ ഇറാന്‍ സൈനിക കമാന്‍ഡര്‍ മുഹമ്മദ് റെസ സഹേദി, ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ശുക്ര്‍, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മായില്‍ ഹനിയ എന്നിവരെയും ഇസ്രയേല്‍ കൊലപ്പെടുത്തി.