Thu. Sep 19th, 2024

 

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും മഹാരാഷ്ട്രയിലെ ജല്‍ഗാവോണില്‍ ലഖ്പതി ദീദി സമ്മേളനം അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

‘അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും ശക്തി വര്‍ധിപ്പിക്കുന്നതിനൊപ്പം അവരുടെ സുരക്ഷയും രാജ്യത്തിന്റെ മുന്‍ഗണനയാണ്. താന്‍ ഈ വിഷയം ആവര്‍ത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഏത് സംസ്ഥാനമായാലും അവിടത്തെ സഹോദരിമാരുടെയും പെണ്‍മക്കളുടെയും വേദനയും ദേഷ്യവും മനസിലാക്കാന്‍ കഴിയും’, മോദി പറഞ്ഞു.

‘ഒരിക്കല്‍ കൂടി രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംസ്ഥാന സര്‍ക്കാറുകളോടും പറയുകയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം പൊറുക്കാന്‍ കഴിയാത്ത പാപമാണ്. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നത് ആരുതന്നെയായാലും ശിക്ഷിക്കപ്പെടണം’, മോദി പറഞ്ഞു.

‘കുറ്റം ചെയ്തവരെ വെറുതേവിടാന്‍ പാടില്ല. ഏതെങ്കിലും രൂപത്തില്‍ അവരെ സഹായിക്കുന്നവരേയും വെറുതേവിടാന്‍ പാടില്ല. സ്‌കൂളോ ആശുപത്രിയോ പോലീസോ സര്‍ക്കാര്‍ സംവിധാനമോ എന്തുമാകട്ടെ, ഏത് തലത്തിലുള്ള വ്യക്തി തെറ്റ് ചെയ്താലും അവര്‍ ഉത്തരവാദിയായിരിക്കണം. കൃത്യമായി മുകളില്‍നിന്ന് താഴേയ്ക്ക് ഈ സന്ദേശം പോകേണ്ടതുണ്ട്. ഈ അന്യായം പൊറുക്കാനാകാത്തതാണ്.’, മോദി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരുകള്‍ മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ സ്ത്രീകളുടെ അന്തസും ജീവനും സംരക്ഷിക്കല്‍ എല്ലാവരുടെയും ഉത്തരവാദിത്തമായി കണക്കാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.