Tue. Oct 8th, 2024

 

കൊച്ചി: ലൈംഗികാരോപണമുയര്‍ന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരായ ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.

കുറ്റാരോപിതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന് ഉത്തരം പറയേണ്ടത് സര്‍ക്കാരും അതിന്റെ സംവിധാനങ്ങളുമാണ്. കുറ്റാരോപിതരെ മാറ്റി നിര്‍ത്താന്‍ പറ്റില്ല. അവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ പറ്റില്ല. കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതരാണ് അവരെല്ലാം. അവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇവിടെ സംവിധാനങ്ങളുണ്ടെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

എല്ലാ മേഖലകളിലും സ്ത്രീകള്‍ക്കെതിരേ വിവേചനമുണ്ട്. യാഥാര്‍ഥ്യമെന്തെന്നോ ആരോപണം മാത്രമാണോ എന്നതെല്ലാം വരും ദിവസങ്ങളില്‍ അറിയാം. നിയമ നടപടികള്‍ എടുക്കേണ്ടത് സര്‍ക്കാര്‍ ആണ്. രഞ്ജിത്തിന്റെ രാജി അനിവാര്യമാണെന്ന് അദ്ദേഹത്തിന് തോന്നിയതുകൊണ്ടാണ് മാറി നിന്നത്. സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റങ്ങള്‍ വരണം.

സിനിമ വലിയ ജനശ്രദ്ധ ലഭിക്കുന്ന മേഖലയാണ്. അതുകൊണ്ടാണ് ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത്. അടിസ്ഥാനപരമായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ്. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീതി ഉറപ്പാക്കരുത് എന്ന് ആരും നിലപാട് എടുക്കില്ല. ജനാധിപത്യ സമൂഹത്തില്‍ ആര്‍ക്കും അങ്ങനെയൊരു നിലപാട് എടുക്കാനാകില്ല. ഇതൊക്കെ ഓരോ സാഹചര്യങ്ങളിലുണ്ടാകുന്ന വെളിപ്പെടുത്തലുകളാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.