Wed. Jan 22nd, 2025

 

മലപ്പുറം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ യുഡിഎഫ് ആണെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഈ വിഷയത്തില്‍ സിപിഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാല്‍ ഈ വിഷയത്തില്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം. വ്യാജ നിര്‍മിതിക്ക് പിന്നില്‍ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് സിപിഎം അനുകൂല സൈബര്‍ പേജുകളിലാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.

കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിം നല്‍കിയ ഹരജിയിലാണ് വടകര പൊലീസ് ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഹൈകോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍, ഫേസ്ബുക്ക്, വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

അമ്പലമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോണ്‍ നമ്പറുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലുള്ളതാണ് ഈ നമ്പറുകള്‍. അമ്പലമുക്ക് സഖാക്കള്‍ എന്ന പേജിന്റെ അഡ്മിനായ മനീഷിന്റെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. റെഡ് ബറ്റാലിയന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

അമല്‍റാം എന്നയാളാണ് റെഡ് ബറ്റാലിയന്‍ ഗ്രൂപ്പില്‍ ഇത് പോസ്റ്റ് ചെയ്തത്. റെഡ് എന്‍കൗണ്ടേഴ്‌സ് എന്ന ഗ്രൂപ്പില്‍ നിന്ന് ഇത് കിട്ടിയെന്നാണ് അമല്‍ റാം പറയുന്നത്. റെഡ് എന്‍കൗണ്ടേഴ്‌സില്‍ ഇത് പോസ്റ്റ് ചെയ്തത് റിബീഷ് എന്നയാളാണെന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ റിബീഷിന്റെ മൊഴി എടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെ നിന്നാണെന്ന് പറയാന്‍ തയാറായില്ല. പോരാളി ഷാജി എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്.