Fri. Nov 8th, 2024

കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും അമ്മ എറിഞ്ഞുകൊന്ന സംഭവത്തിൽ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി.

യുവതി ഗര്‍ഭിണിയാണെന്ന കാര്യം യുവാവിന് അറിയാമായിരുന്നു. ഗർഭിണിയായത് തിരിച്ചറിയാൻ വൈകിയതോടെ അലസിപ്പിക്കാൻ സാധിക്കാതെയാവുകയായിരുന്നു. യുവതി പ്രസവിക്കുന്നതിന് രണ്ട് മാസം മുമ്പേ ഇവർ തമ്മിലുള്ള സൗഹൃദം അവസാനിച്ചിരുന്നുവെന്നാണ് വിവരം.

മെയ് മൂന്നാം തീയതിയാണ് ഫ്‌ളാറ്റില്‍ നിന്നും പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞത്. യുവതി റിമാന്‍ഡിലാണ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറും.