Sat. Jul 27th, 2024

മുംബൈ: ജനത്തെ വലച്ച് മുംബൈയി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയെ തുടർന്ന് മെട്രോ സർവീസ് റദ്ദാക്കുകയും റോഡുകൾ അടക്കുകയും ചെയ്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

വെർസോവ മുതൽ ഖട്കൊപാർ ലൈൻ1 വരെയുള്ള മെട്രോ സർവീസാണ് റദ്ദാക്കിയത്. ഇത് വെർസോവ, അന്ധേരി, ഖട്കൊപാർ എന്നിവിടങ്ങളിൽ മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാരെ ബാധിച്ചു. ജഗ്രുതി നഗറിൽ നിന്ന് ഖട്കൊപാറിലേക്കുള്ള സർവീസ് വൈകീട്ട് ആറിനാണ് റദ്ദാക്കിയത്.

റോഡ് ഷോ നടക്കുമ്പോഴുള്ള സുരക്ഷ പ്രശ്നങ്ങളെ മുൻ നിർത്തിയാണ് മെട്രോ സർവീസ് റദ്ദാക്കിയത്. സർവീസ് റദ്ദാക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മുംബൈ മെട്രോ വൺ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചത്. അപ്പോഴേക്കും നിരവധി യാത്രക്കാർ മെട്രോ സ്റ്റേഷനുകളിൽ ഉണ്ടായിരുന്നു. പകരം വണ്ടി പോലും കിട്ടാതെ യാത്രക്കാർ മെട്രോ സ്റ്റേഷനിൽ നിൽക്കേണ്ടിവന്നു.

എൽബിഎസ് റോഡും മഹുൽ-ഛക്ത്കൊപാർ റോഡും മുംബൈ ട്രാഫിക് പോലീസ് അടച്ചിരുന്നു. പിന്നീട് ഒന്നരമണിക്കൂറിന് ശേഷമാണ് മെട്രോ സർവീസ് പുനസ്ഥാപിച്ചത്.