ലണ്ടൻ: കോവിഡ് പ്രതിരോധ വാക്സിനായ കോവീഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് നിർമാതാക്കളായ ബ്രിട്ടീഷ് മരുന്നു കമ്പനി ആസ്ട്രാസെനക.
വാക്സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിൻ്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്നും കമ്പനി സമ്മതിക്കുന്നു.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ആസ്ട്രാസെനക നിർമിച്ച വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്തത്.
വാക്സിൻ എടുത്തതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ യുകെയിലെ കോടതിയിൽ സമീപിച്ചിരുന്നു. ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 10 കോടി പൗണ്ട് വരെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
2021 ഏപ്രിൽ 21ന് ജെയ്മി സ്കോട്ട് എന്നയാളാണ് നിയമനടപടികൾക്ക് തുടക്കം കുറിച്ചത്. രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് അദ്ദേഹത്തെ ബാധിച്ചത്.
പരാതിക്കാരൻ്റെ ആരോപണങ്ങളെ ആദ്യം എതിർത്ത കമ്പനി കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സമ്മതിച്ചത്.