Fri. Jan 3rd, 2025

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ മുസ്ലീം സംവരണത്തിനുള്ള കോണ്‍ഗ്രസിൻ്റെയും ഇന്ത്യ സഖ്യത്തിൻ്റെയും നടപടിക്കെതിരായ പ്രചാരണം സംഘടിപ്പിക്കണമെന്ന് കത്തിൽ പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രിയും ഗുജറാത്ത് പോര്‍ബന്ധറിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ മന്‍സൂഖ് മാണ്ഡവ്യ സമൂഹമാധ്യമമായ എക്‌സിലൂടെ മോദിയുടെ കത്ത് പങ്കുവെച്ചു.

എസ് സി/എസ് ടി – ഒബിസി വിഭാഗക്കാരില്‍ നിന്ന് സംവരണം തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കാനുള്ള അജണ്ട ഉൾപ്പെടെ കോണ്‍ഗ്രസിൻ്റെയും ഇന്ത്യ സഖ്യത്തിൻ്റെയും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിനെതിരായ പ്രചാരണം നടത്തണമെന്ന് കത്തില്‍ മോദി ആവശ്യപ്പെട്ടുന്നുണ്ട്.

ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്നും കത്തിൽ മോദി പറയുന്നുണ്ട്. ബിജെപിക്ക് കിട്ടുന്ന ഓരോ വോട്ടും 2047 ഓടെ ഇന്ത്യയെ വികസിതമാക്കാനുമുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും കരുത്തുറ്റ സര്‍ക്കാരിനെ രൂപീകരിക്കുമെന്നും മോദി കത്തിൽ കുറിച്ചു.

മൂന്നാം ഘട്ടം വോട്ടെടുപ്പ് 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 95 ലോകസ്ഭാ സീറ്റുകളിലേക്കാണ് നടക്കുന്നത്.

അതേസമയം, നേരത്തെ തിരഞ്ഞെടുപ്പ് വിദ്വേഷ പ്രസംഗവുമായി മോദിയും യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും മോദി പറഞ്ഞിരുന്നത്.

അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞുവെന്നാണ് യോഗി ആദിത്യനാഥ്‌ ആരോപിച്ചത്.