Mon. Dec 23rd, 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പെരുമാറ്റച്ചട്ടം ലംഘിക്കുകയും ദൈവത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്.

അഭിഭാഷകനായ ആനന്ദ് എസ് ജോൺഡാലയാണ് ഹർജി നൽകിയത്. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും പരാതിയിൽ പ്രത്യേക നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാൻ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് സച്ചിൻ ദത്ത വ്യക്തമാക്കി.

ഏപ്രിൽ ഒമ്പതിന് മോദി ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹർജി നൽകിയത്.

ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ മോദി വോട്ടഭ്യർത്ഥിച്ചുവെന്നും മുസ്ലിംങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരെന്ന് പ്രതിപക്ഷ കക്ഷികളെ കുറ്റപ്പെടുത്തിയെന്നും ഹർജിയിൽ അഭിഭാഷകൻ ആരോപിച്ചിരുന്നു.

രാജസ്ഥാനിൽ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നു.