Fri. Nov 22nd, 2024

സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് അവയെ വേണ്ടവിധം ഉപയോഗിക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കാറുണ്ട്.പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളായി മാറിയതിൻ്റെ കാരണവും അതുതന്നെയാണ്. 

ഭാരത് ജോഡോ യാത്ര നടത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചപ്പോൾ മുഖ്യധാരാമാധ്യമങ്ങളിൽ യാത്രക്ക് വേണ്ടത്ര ജനശ്രദ്ധ ലഭിക്കില്ലെന്ന് കോൺഗ്രസിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഭാരത് ജോഡോ യാത്ര ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്ത മാർഗം സാമൂഹ്യ മാധ്യമങ്ങളായിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് വഴി വാർത്ത പ്രചരിച്ചതും അവരുമായി നടത്തിയ അഭിമുഖങ്ങളും ഭാരത് ജോഡോ യാത്രക്ക് ഗുണകരമായിട്ടുണ്ട്. 

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബിജെപിയാണ്. എല്ലാ വർഷവും ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘സ്വഛതാ ഹി സേവ’ പോലുള്ള പ്രചാരണപരിപാടികൾ സംഘടിപ്പിക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായതിനു ശേഷം ഇത്തരത്തിൽ നടത്തുന്ന പ്രചാരണങ്ങളിലെല്ലാം പ്രമുഖനായൊരു വ്യക്തിയെക്കൂടി നരേന്ദ്ര മോദി ഉൾപ്പെടുത്താറുണ്ട്.

2023 ൽ ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഫിറ്റ്‌നെസ്‌ ഇൻഫ്ലുവൻസർ അങ്കിത് ബയാൻപൂരിയയുമായി ചേർന്ന് പ്രധാനമന്ത്രി വൃത്തിയാക്കുന്നതിൻ്റെ ദൃശ്യങ്ങൾ ബയാൻപൂരിയ തന്നെ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 2014ൽ ബോളിവുഡ് നടൻ സൽമാൻ ഖാനൊപ്പം പട്ടം പറത്തുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

ടെലിവിഷനിൽ നിന്നും സാമൂഹ്യമാധ്യമങ്ങളിലേക്ക് മാറിയ പുതിയ തലമുറയെ സ്വാധീനിക്കാൻ അവരുടെ താൽപര്യങ്ങളെ കൂട്ടുപിടിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. 2014ൽ ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഒരു ഇൻ്ററാക്ഷൻ പ്ലാറ്റ്‌ഫോമാണ് My Gov.

നിതിൻ ഗഡ്കരിയും എസ് ജയശങ്കറുമുൾപ്പെടെ മുതിർന്ന ബിജെപി മന്ത്രിമാർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി ഇതിൽ അഭിമുഖം നടത്തിയിട്ടുണ്ട്.  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന് രാഷ്ട്രീയക്കാരുമായി നടത്തുന്ന ഇത്തരം സംവാദങ്ങൾ അവരുടെ സബ്സ്ക്രൈബേഴ്സിനെ കൂട്ടാൻ സഹായിക്കുമെങ്കിൽ തങ്ങളുടെ അജണ്ടകൾ ജനങ്ങളിലേക്കെത്തിക്കാനാണ് രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.